ബി.ജെ.പി അസം ഘടകത്തിൽ ഗ്രൂപ്പിസം; പാർട്ടി വിടുമെന്ന് എം.എൽ.എ
text_fieldsഗുവാഹത്തി: ഗ്രൂപ്പിസവും അവഗണനയും രൂക്ഷമായതിനാൽ പാർട്ടിവിടുമെന്ന് അസമിലെ ബി.ജെ.പി എം.എൽ.എ. 30 വർഷമായി പാർട്ടിയിൽ സജീവമായ ശിലാദിത്യ ദേവാണ് വാർത്താസമ്മേളനം വിളിച്ച് രാജിക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ, താൻ മറ്റൊരു പാർട്ടിയിലും ചേരില്ലെന്നും അടുത്ത വർഷം വരെ നിയമസഭാംഗമെന്ന നിലയിൽ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാൻ 30 വർഷമായി ബി.ജെ.പിയിലാണ്. എന്നാൽ, ഇപ്പോൾ എന്നെപ്പോലുള്ളവർക്ക് പാർട്ടിയിൽ ഒരു വിലയുമില്ല. മന്ത്രിയാകാൻ ഞാൻ ലോബിയിങ് നടത്തിയതായി ആർക്കും പറയാനാവില്ല. ഞാൻ 17 വർഷം ഡൽഹിയിലും മന്ത്രിസഭയിലും ജോലി ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോൾ എന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് നീക്കം. അതിനാൽ എെൻറ അഭിമാനം സംരക്ഷിക്കണം. സുഹൃത്തുക്കളുമായി ആലോചിച്ച ശേഷം ഞാൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കും. പക്ഷേ നാെളത്തന്നെ ബി.ജെ.പിയിൽനിന്ന് രാജിവെക്കില്ല’’ ദേവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും എന്നാൽ, കോൺഗ്രസ്, എ.ഐ.യു.ഡി.എഫ് പോലുള്ള പാർട്ടികളിൽ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിയിൽ ഗ്രൂപ്പിസം സജീവമാണ്. നേതാവാകാനാണ് എല്ലാവരുടെയും ശ്രമം. എന്നാൽ, പ്രതിസന്ധി ഘട്ടങ്ങളിൽ തീരുമാനമെടുക്കാൻ കഴിയുന്ന ഒരു നേതാവ് പോലും സംസ്ഥാനത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
