ഗുരുവിന്‍റെ ഉപദേശപ്രകാരം യാചകനായി വേഷം ധരിച്ച് ബി.ജെ.പി എം.എൽ.എ; ജീവിത യാഥാർഥ്യങ്ങൾ അറിയാനെന്ന് എം.എൽ.എ, വിമർശവുമായി സോഷ്യൽ മീഡിയ
text_fieldsമുംബൈ: ജീവിതത്തിന്റെ യഥാർത്ഥ മുഖം മനസ്സിലാക്കുന്നതിനായി യാചകന്‍റെ വേഷം ധരിച്ച് തെരുവിലിറങ്ങി ബി.ജെ.പി എം.എൽ.എ. മഹാരാഷ്ട്രയിലെ എം.എൽ.എയായ പരാഗ് ഷായാണ് ഒരു ദിവസം മുഴുവൻ ഭിക്ഷക്കാരന്റെ വേഷത്തിൽ മുംബൈ നഗരത്തിൽ ചെലവഴിച്ചത്. ഘാട്കോപ്പർ ഈസ്റ്റ് മണ്ഡലത്തിലെ എം.എൽ.എയും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ ഇദ്ദേഹം സംസ്ഥാനത്തെ ഏറ്റവും ധനികനായ എം.എൽ.എമാരിൽ ഒരാളാണ്.
തന്‍റെ ആത്മീയ ഗുരുവിന്റെ നിർദ്ദേശപ്രകാരമാണ് പരാഗ് ഷാ സുരക്ഷാ ഉദ്യോഗസ്ഥരെയും ആഡംബര വാഹനങ്ങളെയും വിലകൂടിയ വസ്തുക്കളെയും ഒഴിവാക്കി ഭിക്ഷക്കാരന്റെ വേഷം ധരിച്ച് തെരുവിലിറങ്ങിയത്. ആളുകൾ തിരിച്ചറിയാത്ത വിധത്തിൽ മേക്കപ്പ് ചെയ്താണ്ണ് അദ്ദേഹം മണിക്കൂറുകളോളം മുംബൈ തെരുവുകളിൽ ഭിക്ഷ യാചിച്ചത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി വിമർശനങ്ങളും ഉയർന്നുവന്നിട്ടുണ്ട്.
ജീവിതത്തിന്റെ കഷ്ടപ്പാടുകൾ അടുത്തറിയാൻ ഒരു ജനപ്രതിനിധിക്ക് വേഷം മാറി നടക്കേണ്ട ആവശ്യകതയാണോ ഇവിടെ?, യാചകരും കള്ളന്മാരും നിറഞ്ഞ ജനപ്രതിനിധികൾക്കിടയിൽ നിങ്ങൾ ഇനി വേഷം മാറി നടക്കേണ്ട ആവശ്യമില്ല തുടങ്ങി നിരവധി പേരാണ് എം.എൽ.എയുടെ വിചിത്ര രീതിയെ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തിയത്.
മുംബൈ നഗരത്തിലെ ജനങ്ങൾ മനുഷ്യത്വവും സഹായമനസ്കതയും ഉള്ളവരാണെന്ന് പരാഗ് ഷാ പറഞ്ഞു. ഭക്ഷണം കഴിക്കാൻ ഒരാൾ എനിക്ക് 20 രൂപ തന്നു. അവിടെയുണ്ടായിരുന്ന ഒരു സമൂസക്കടക്കാരന്റെ അടുത്തു ചെന്നപ്പോൾ അയാൾ യാതൊരു മടിയും കൂടാതെ എനിക്ക് സൗജന്യമായി സമൂസ തന്നു. പരസ്പരം സഹായിക്കാൻ മുംബൈയിലെ ജനങ്ങൾ എപ്പോഴും തയ്യാറാണെന്ന് ഈ അനുഭവം എന്നെ പഠിപ്പിച്ചുവെന്നാണ് പരാഗ് ഷാ പറഞ്ഞത്.
തെരുവിലിരുന്ന് യാചിക്കുകയും ലഭിച്ച ഭക്ഷണം കഴിക്കുകയും ചെയ്ത അദ്ദേഹം, പിന്നീട് മേക്കപ്പ് നീക്കം ചെയ്ത ശേഷം താൻ സന്ദർശിച്ച സ്ഥലങ്ങളിൽ തിരികെച്ചെന്ന് താൻ കണ്ട ആളുകളെ അദ്ദേഹം വീണ്ടും കണ്ടുമുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

