'പ്രത്യയശാസ്ത്രം മാറിയോ?': സവർക്കറിന് ഭാരത് രത്ന നൽകുന്നതിൽ കാലതാമസം; ബി.ജെ.പി സർക്കാരിനെതിരെ സ്വന്തം എം.എൽ.എയുടെ വിമർശനം
text_fieldsന്യൂഡൽഹി: ഹിന്ദുത്വ സൈദ്ധാന്തികനായ വിനായക് ദാമോദർ (വി.ഡി.) സവർക്കറിന് മരണാനന്തരമായി ഭാരത് രത്ന നൽകണമെന്ന പ്രമേയം പരിഗണിക്കുന്നതിൽ കാലതാമസം നേരിടുന്നതിനെതിരെ മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എ സുധീർ മുംഗന്തിവാർ സ്വന്തം പാർട്ടി നയിക്കുന്ന സംസ്ഥാന സർക്കാരിനെ നിയമസഭയിൽ വിമർശിച്ചു.
മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിനത്തിൽ വിഷയം ഉന്നയിച്ച മുംഗന്തിവാർ, ഈ വർഷം മാർച്ചിൽ താൻ അവതരിപ്പിച്ച പ്രമേയം സ്പീക്കർ രാഹുൽ നർവേക്കർ ഉറപ്പ് നൽകിയിട്ടും ഇതുവരെ സഭയിൽ ചർച്ചക്ക് വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഭരണത്തിൽ എത്തിയ ശേഷം സർക്കാരിന്റെ ആശയപരമായ നിലപാടിൽ മാറ്റമുണ്ടായോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
"അധികാരത്തിലെത്തിയ ശേഷം നിങ്ങളുടെ പ്രത്യയശാസ്ത്രം മാറിയിട്ടുണ്ടെങ്കിൽ ഇനി ഞാൻ ഈ വിഷയം ഒരിക്കലും ഉന്നയിക്കില്ല. എന്നാൽ നിങ്ങൾ പിന്തുടരുന്നുവെന്ന് പറയുന്ന പ്രത്യയശാസ്ത്രവുമായി നിങ്ങളുടെ പ്രവർത്തനങ്ങൾ യോജിക്കുന്നില്ല. ഒരു പാർട്ടി അധികാരത്തിലെത്തിയാലും അതിന്റെ പ്രത്യയശാസ്ത്രം മാറാൻ പാടില്ല. സർക്കാരിന്റെ നിലപാട് മാറിയിട്ടുണ്ടെങ്കിൽ അത് തുറന്നുപറയണം," എന്ന് മുംഗന്തിവാർ സഭയിൽ പറഞ്ഞു.
ഈ വർഷം മാർച്ചിൽ, രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന മരണാനന്തരമായി സവർക്കറിന് നൽകണമെന്ന് ആവശ്യപ്പെട്ട് മുംഗന്തിവാർ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് സവർക്കർ കടുത്ത പീഡനങ്ങൾ അനുഭവിച്ച വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, "ബ്രിട്ടീഷുകാർ അദ്ദേഹത്തെ പീഡിപ്പിച്ചു. ഇനി നമ്മുടെ കാലതാമസം മൂലം, അറിയാതെയെങ്കിലും, അദ്ദേഹത്തെ വീണ്ടും വേദനിപ്പിക്കരുത്. നമുക്ക് ചെയ്യാനുള്ളത് ഒരു പ്രമേയം പാസാക്കുക മാത്രമാണ്. ഒരു ഫയലിന് പോലും ഇത്രയും കാലം കാത്തിരിക്കേണ്ടിവരണമോ? മാർച്ച് 5 മുതൽ ജൂലൈ 10 വരെ രണ്ട് സമ്മേളനങ്ങൾ കഴിഞ്ഞു," എന്നും പറഞ്ഞു.
സവർക്കറുടെ ആശയങ്ങളിൽ വിശ്വസിച്ച് പൊതുപ്രവർത്തന ജീവിതം നയിച്ച ഒരാളെന്ന നിലയിൽ സ്വന്തം സർക്കാർ തന്നെ ഈ വിഷയത്തിൽ ഫയൽ നീക്കാതെ ഇരിക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് മുംഗന്തിവാർ പറഞ്ഞു.
ഇതിന് മറുപടിയായി സ്പീക്കർ രാഹുൽ നർവേക്കർ, ഈ വിഷയത്തിൽ സർക്കാർ നടപടികൾ തുടരുകയാണെന്ന് സഭയെ അറിയിച്ചിട്ടുണ്ടെന്നും അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിസിനസ് അഡ്വൈസറി കമ്മിറ്റി പ്രമേയം പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

