‘ക്ഷേമ പദ്ധതി ആനുകൂല്യം ലഭിക്കാൻ ജയ് ശ്രീറാം വിളിക്കൂ’, മുസ്ലിം സ്ത്രീകളോട് ബി.ജെ.പി എംഎൽഎ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാങ്കുരയിൽ ക്ഷേമ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ മുസ്‍ലിം സ്ത്രീകളെ ‘ജയ് ശ്രീറാം വിളിക്കാൻ’ ബി.ജെ.പി എംഎൽഎ നിർബന്ധിച്ചതായി പരാതി. ‘ദി വയർ’ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പശ്ചിമ ബംഗാളിലെ ബാങ്കുര മുനിസിപ്പാലിറ്റിയിലെ ഖേഥാർഡംഗ പ്രദേശത്ത് നിന്നുള്ള ഒരുസംഘം മുസ്ലിം സ്ത്രീകളാണ് എം.എൽ.എയുടെ അപമാനിത്തിനിരയായത്. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കായുള്ള ‘അന്നപൂർണ യോജന’ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് പരാതിയുമായി എത്തിയതായിരുന്നു ഇവർ. ബി.ജെ.പി സർക്കാരിന്റെ കാലത്ത് ഈ പദ്ധതിപ്രകാരം ലഭിക്കേണ്ട പ്രതിമാസ തുകയായ 3,000 രൂപ പലർക്കും ലഭിച്ചിരുന്നില്ല.
ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് സ്ത്രീകൾ ആദ്യം ബാങ്കുര സബ് ഡിവിഷണൽ ഓഫീസറെ സമീപിച്ചിരുന്നു. അവിടെ നിന്നും ഒക്ടോബർ രണ്ടിന് നടന്ന സർക്കാർക്യാമ്പായ ‘സെബ സേതു അജിയാനിലേക്ക്’ പോകാൻ നിർദ്ദേശം ലഭിച്ചു.
ക്യാമ്പിലെത്തിയ സ്ത്രീകളെ സഹായിക്കുന്നതിന് പകരം ബി.ജെ.പി എം.എൽ.എ നിലാദ്രി ശേഖർ ദാനയെ കാണാൻ ആവശ്യപ്പെടുകയായിരുന്നു. മുപ്പതോളം സ്ത്രീകൾ എം.എൽ.എയുടെ ഓഫിസിലെത്തിയെങ്കിലും അവരെ സഹായിക്കാൻ അദ്ദേഹം തയ്യാറായില്ല. പകരം ഹിന്ദുത്വ സ്ലോഗനായ ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചതായും, ഹിന്ദു സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ ലഭിച്ചതിനു ശേഷമേ മുസ്‍ലിം കുടുംബങ്ങൾക്ക് നൽകുകയുള്ളൂ എന്ന് എം.എൽ.എ പറഞ്ഞതായും സ്ത്രീകൾ ആരോപിക്കുന്നു. ‘ഞങ്ങൾ മുസ്‍ലിം വോട്ടുകൾ നേടി ജയിച്ചതല്ല, അതിനാൽ നിങ്ങളുടെ പ്രശ്നങ്ങൾ പിന്നീട് പരിഗണിക്കാം’ എന്ന് എം.എൽ.എ പറഞ്ഞതായും അവർ കുറ്റപ്പെടുത്തുന്നു. കൂടാതെ, ഒപ്പമുണ്ടായിരുന്ന ചിലർ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതായും സ്ത്രീകൾ പറയുന്നുണ്ട്.
താൻ ‘ജയ് ശ്രീറാം’ എന്ന് വിളിപ്പിച്ചതായി എംഎൽഎ നിലാദ്രി ശേഖർ ദാന സമ്മതിച്ചിട്ടുണ്ടെങ്കിലും, സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ യാതൊന്നും പറഞ്ഞിട്ടില്ലെന്നാണ് പ്രതികരിച്ചത്. മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് താൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സംഭവത്തിലും അന്നപൂർണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ വൈകുന്നതിലും പ്രതിഷേധിച്ച് ബാങ്കുര എസ്ഡിഒയെ നേരിൽ കണ്ട് വിശദീകരണം തേടാനും പരാതി നൽകാനും ഒരുങ്ങുകയാണ് ഈ സ്ത്രീകൾ. പശ്ചിമ ബംഗാളിൽ ക്ഷേമ പദ്ധതികളുടെ വിതരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്ക് ആക്കംകൂട്ടുന്നതാണ് ഈ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

