മുസ്‍ലിംകൾക്ക് സർക്കാർ, സ്വകാര്യ ജോലി നൽകരുതെന്ന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവ്; സൗദി കിരീടാവകാശിക്കെതിരെയും വെല്ലുവിളി
text_fieldsമുംബൈ: കടുത്ത മുസ്‍ലിംവിരുദ്ധ വിദ്വേഷ പ്രസ്താവനയുമായി വിവാദ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് നസിയ ഇലാഹി ഖാൻ. സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലികളിൽനിന്ന് മുസ്‍ലിംകളെ ബഹിഷ്കരിക്കണമെന്ന് നാസിയ സനാതനി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ ആവശ്യപ്പെട്ടു. രണ്ട് മുതൽ മൂന്ന് വർഷം വരെ മുസ്‍ലിംകളെ ജോലിക്കെടുക്കരുതെന്നാണ് ഹിന്ദുക്കളോടുള്ള ആഹ്വാനം.
ഹിന്ദുക്കൾക്കെതിരെ ഒന്നിലധികം തരത്തിലുള്ള ജിഹാദും പാകിസ്താൻ നുഴഞ്ഞുകയറ്റവും നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു. പാകിസ്താനിൽ നിന്നുള്ള തീവ്രവാദികൾക്കെതിരെ മാത്രമല്ല, പാകിസ്താനെ ആരാധിക്കുന്ന രാജ്യത്തിനുള്ളിലെ സ്വന്തം ആളുകൾക്കെതിരെയും ഇന്ത്യ പോരാടുന്നുണ്ട്. ഹിന്ദുക്കളെ മതം മാറ്റുന്നതിനായി മുസ്‍ലിംകൾ നിരവധി രഹസ്യ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. അവിശ്വാസികൾക്കെതിരായ അക്രമത്തിന് ഖുർആൻ അനുമതി നൽകുന്നുവെന്നും അവർ ആരോപിച്ചു.
‘അല്ലാഹുവിനെയും പ്രവാചകനെയും പിന്തുടരാത്തവരെ കൊല്ലണം എന്ന് സൂറ ബഖറയും സൂറ തൗബയും പറയുന്നുണ്ട്. ഇസ്‌ലാമിലേക്കുള്ള ക്ഷണം നിർബന്ധമാണ്. അത് നിഷേധിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വെല്ലുവിളിക്കുന്നു. 120 കോടി ഹിന്ദുക്കൾ ജാഗ്രത പാലിക്കണം. ഭാരത് മാതാ കീ ജയ് അല്ലെങ്കിൽ വന്ദേമാതരം ചൊല്ലാൻ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിസമ്മതിക്കുകയാണ് മുസ്‍ലിംകൾ’ -നസിയ ആരോപിച്ചു.
ഈ പരാമർശങ്ങൾ വ്യാപക വിമർശനത്തിന് ഇടയാക്കി. തൊഴിൽ ബഹിഷ്‌കരണത്തിനുള്ള ആഹ്വാനങ്ങളും മതഗ്രന്ഥങ്ങളെ മനഃപൂർവ്വം തെറ്റായി ചിത്രീകരിക്കുന്നതും സാമുദായിക ഐക്യത്തിന് ഭീഷണിയാകുന്ന വിദ്വേഷ പ്രസംഗമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ മുന്നറിയിപ്പ് നൽകി.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയാണ് നസിയ. മുമ്പും മുസ്‍ലിംകൾക്കെതിരെ അവഹേളനപരവും പ്രകോപനപരവുമായ നിരവധി പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

