സോഫിയ ഖുറേഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ പരാമർശം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി
text_fieldsഭോപാൽ: കേണൽ സോഫിയ ഖുറേഷിയെ ബി.ജെ.പി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിജയ് ഷാ ഭീകരരുടെ സഹോദരി എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷണം തുടങ്ങി. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. സാഗർ സോൺ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ പ്രമോദ് വർമയാണ് തലവൻ. പ്രത്യേക സായുധ സേന ഡി.ഐ.ജി കല്യാൺ ചക്രവർത്തി, ദിൻഡോരി പൊലീസ് സൂപ്രണ്ട് വാഹിനി സിങ് എന്നിവരാണ് മറ്റ് അംഗങ്ങൾ. മേയ് 12ന് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു വിജയ്ഷയുടെ വിവാദ പരാമർശം. പരിപാടി നടന്ന ഇൻഡോർ ജില്ലയിലെ മോവിനടുത്തുള്ള റായ്കുണ്ഡ ഗ്രാമത്തിലെ ആളുകളെ കണ്ട് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഷായെ ചോദ്യം ചെയ്യുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ സംഘം തയാറായില്ല.
മന്ത്രിയുടെ പരാമർശത്തിനെതിരെ മധ്യപ്രദേശ് ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് മേയ് 14ന് മാൻപുർ പൊലീസ് ഷായ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എഫ്.ഐ.ആർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
നേരത്തേ, കേസിലെ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സമീപിച്ച ഷായെ അതിരൂക്ഷമായാണ് സുപ്രീംകോടതി വിമർശിച്ചത്. വിജയ്ഷായുടെ പരാമർശം രാജ്യത്തിന് നാണക്കേടാണെന്ന് പറഞ്ഞ കോടതി, ഷായുടെ മാപ്പ് തള്ളി അന്വേഷണത്തിന് പ്രത്യേകസംഘം രൂപവത്കരിക്കാൻ ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

