ബി.ജെ.പി മന്ത്രി നാഗരാജിന് 1609 കോടിയുടെ ആസ്തി
text_fieldsബംഗളൂരു: പണക്കിലുക്കത്തിന്റെ കർണാടക തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളിൽ പലരും കോടീശ്വരന്മാർ. തെരഞ്ഞെടുപ്പ് കമീഷനു മുന്നിൽ ഇതുവരെ സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച് ബി.ജെ.പി മന്ത്രി എൻ. നാഗരാജു എന്ന എം.ടി.ബി. നാഗരാജാണ് അതിസമ്പന്നൻ. 1609 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ഹൊസക്കോട്ടെ നിയമസഭ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള 72കാരനായ നാഗരാജിന്റെ വരുമാന സ്രോതസ്സ് കൃഷിയും വ്യവസായവുമാണ്. 2018ൽ ഹൊസക്കോട്ടെയിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ച അദ്ദേഹം ഓപറേഷൻ താമരയിലൂടെയാണ് ബി.ജെ.പിയിലെത്തിയത്. കൂറുമാറ്റത്തെ തുടർന്ന് അയോഗ്യനാക്കപ്പെട്ട അദ്ദേഹം ഉപതെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ബി.ജെ.പി എം.എൽ.സി സ്ഥാനം നൽകി മന്ത്രിയാക്കുകയായിരുന്നു. കഴിഞ്ഞ നാലു വർഷത്തിനിടെ നാഗരാജിന്റെ ആസ്തിയിൽ 25 ശതമാനം വർധനയാണുണ്ടായത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും സമ്പന്നരിൽ മുൻനിരയിലുണ്ട്. 1139 കോടിയാണ് ശിവകുമാറിന്റെ ആസ്തി. 2018ൽ സമർപ്പിച്ച കണക്കിൽനിന്ന് 67 ശതമാനം വർധനയാണുണ്ടായത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വൻ വർധനയാണുണ്ടായത്. 2018ൽ 6.09 കോടിയുടെ സ്വത്തുണ്ടായിരുന്ന അദ്ദേഹത്തിന് 28.94 കോടിയാണ് നിലവിലെ സ്വത്ത്. ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രക്ക് 125 കോടിയും മന്ത്രി വി. സോമണ്ണക്ക് 48.2 കോടിയും മന്ത്രി ആർ. അശോകക്ക് 40.8 കോടിയും ആസ്തിയുണ്ട്. ജെ.ഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിക്ക് 182.3 കോടിയുടെയും മകൻ നിഖിൽ കുമാരസ്വാമിക്ക് 77 കോടിയുടെയും ആസ്തിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

