ബി.ജെ.പി ജാതിയുടെ പേരിൽ ദൈവങ്ങളെ ഭിന്നിപ്പിക്കുന്നു –മായാവതി
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) നേതാവ് മായാവതി. ജാതീയമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിലൂടെ ദൈവങ്ങളെ വേർതിരിക്കുകയാണ് ബി.ജെ.പിയെന്ന് അവർ വിമർശിച്ചു. ഇതിനെതിരെ കരുതിയിരിക്കണം. ഹിന്ദുക്കൾ ആരാധിക്കുന്ന ഹനുമാൻ ദലിതനായിരുന്നുവെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അവകാശവാദം ചൂണ്ടിക്കാട്ടിയായിരുന്നു മായാവതിയുടെ വിമർശനം.
മുതിർന്ന ബി.ജെ.പി നേതാക്കൾപോലും ഇത്തരത്തിൽ പ്രചാരണം നടത്തിയാണ് വോട്ടുപിടിക്കുന്നത്. ബിജെ.പി ഭരണത്തിൽ ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്നത് സാധാരണക്കാരും കർഷകരുമാണ്. ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ഭരണം നടത്തുന്നതിനു വിരുദ്ധമായി അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. ബി.ആർ അംബേദ്കറുടെ ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മായാവതി.