'സാധാരണക്കാരുടെ ക്ഷേമത്തിന് നേരെയുള്ള കടന്നാക്രമണം'; ബി.ജെ.പിയുടെ പ്രകടനപത്രിക രാജ്യത്തിന് അപകടകരമെന്ന് കെജ്‌രിവാൾ
text_fieldsഅരവിന്ദ് കെജ്‌രിവാൾ
ന്യൂഡൽഹി: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക രാജ്യത്തിന് അപകടകരമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ. പ്രകടനപത്രികയിൽ ബി.ജെ.പി യഥാർഥ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കെജ്‌രിവാൾ ആരോപിച്ചു.
അധികാരത്തിലെത്തിയാൽ സർക്കാർ സ്‌കൂളുകളിലെ സൗജന്യ വിദ്യാഭ്യാസം നിർത്തലാക്കാനും സൗജന്യ ആരോഗ്യ സേവനങ്ങൾ ഇല്ലാതാക്കാനുമാണ് ബി.ജെ.പി പദ്ധതിയിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയുടെ നയങ്ങൾ രാജ്യത്തിന്‍റെ ഭാവിയെ അപകടത്തിലാക്കുമെന്നും ഡൽഹിയിലെ പാവപ്പെട്ടവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് കെജ്‌രിവാൾ ജനങ്ങളോട് അഭ്യർഥിച്ചു.
“ബി.ജെ.പി അധികാരത്തിൽ വന്നാൽ, അവർ സൗജന്യ വിദ്യാഭ്യാസം നിർത്തലാക്കും, സൗജന്യ ആരോഗ്യ സൗകര്യങ്ങൾ അവസാനിപ്പിക്കും, ദരിദ്രർക്ക് ഡൽഹിയിൽ അതിജീവനം ബുദ്ധിമുട്ടാക്കും. ഇത് സാധാരണക്കാരുടെ ക്ഷേമത്തിന് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്' -കെജ്‌രിവാൾ പറഞ്ഞു.
ഡൽഹിയിൽ ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പും ഫെബ്രുവരി എട്ടിന് വോട്ടെണ്ണലും നടക്കും. കെജ്‌രിവാൾ ന്യൂഡൽഹി സീറ്റിലാണ് മത്സരിക്കുന്നത്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റുകൾ നേടി എ.എ.പി ആധിപത്യം സ്ഥാപിച്ചപ്പോൾ ബി.ജെ.പിക്ക് എട്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 15 വർഷം തുടർച്ചയായി ഡൽഹിയിൽ അധികാരത്തിലിരുന്ന കോൺഗ്രസിന് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ടു. ഒരു സീറ്റിലും വിജയിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

