അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാഡ്; തമിഴ്നാട് സർക്കാറിന്‍റെ പരസ്യ പ്രചാരണ ബോർഡിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ച് ബി.ജെ.പി പ്രവർത്തകർ
text_fieldsചെന്നൈ: 44ാംമത് ചെസ് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട തമിഴ്നാട് സർക്കാരിന്‍റെ പരസ്യ ബോർഡുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ പതിപ്പിച്ച് ബി.ജെ.പി പ്രവർത്തകർ. തമിഴ്‌നാട് ബി.ജെ.പിയുടെ സ്‌പോർട്‌സ് ആൻഡ് സ്‌കിൽ ഡെവലപ്‌മെന്റ് സെൽ പ്രസിഡന്റ് അമർ പ്രസാദ് റെഡ്ഡി ബോർഡുകളിൽ ബി.ജെ.പി പ്രവർത്തകർ ചിത്രങ്ങൾ പതിക്കുന്ന വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചു.
'ഇത് ഡി.എം.കെയുടെ പാർട്ടി പരിപാടി അല്ല. ഇത് സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയാണ്. പ്രധാനമന്ത്രിയുടെ ഫോട്ടോ ഉറപ്പായും ഉൾപ്പെടുത്തണം'- റെഡ്ഡി പറഞ്ഞു. ഒളിമ്പ്യാഡ് സംസ്ഥാനതലത്തിൽ നടത്തുന്ന മത്സരമല്ലെന്നും ഇത് അന്താരാഷ്ട്രതലത്തിൽ നടക്കുന്ന മത്സരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഫോട്ടോ ഉൾപ്പെടുത്താതെ ചെസ് ഒളിമ്പ്യാഡിന്‍റെ പ്രചാരണം നടത്തിയത് വലിയതെറ്റാണെന്ന് റെഡ്ഡി ആരോപിച്ചു.
ബി.ജെ.പി പ്രവർത്തകരും ഭാരവാഹികളും ബി.ജെ.പിയുടെ സ്‌പോർട്‌സ് ആൻഡ് സ്‌കിൽ ഡെവലപ്‌മെന്റ് സെൽ അംഗങ്ങളോടും നരേന്ദ്രമോദിയുടെ ഫോട്ടോ ഒളിമ്പ്യാഡിന്‍റെ പ്രചരണ ബോർഡുകളിൽ പതിപ്പിക്കാൻ തന്നോടൊപ്പം ചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ചെന്നൈ മഹാബലിപുരത്ത് ജൂലൈ28 മുതൽ ആഗസ്റ്റ് 10 വരെയാണ് ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. ഒളിമ്പ്യാഡ് നടത്തുന്നതിനായി 92.13കോടി അനുവദിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

