തൃണമൂൽ സർക്കാറിനെ താഴെയിറക്കാൻ ബി.ജെ.പി 1000 കോടിയുടെ കരാറുണ്ടാക്കി -മമത ബാനർജി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി 1000 കോടി രൂപയുടെ കരാറുണ്ടാക്കിയെന്ന് മുഖ്യമന്ത്രി മമത ബാനർജി. ബാങ്കുറ ജില്ലയിലെ ഒണ്ടയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് തൃണമൂലിനെ പരാജയപ്പെടുത്താൻ ബി.ജെ.പി വൻതോതിൽ പണമൊഴുക്കുകയാണെന്നും മമത ആരോപിച്ചു.
ആം ജനത ഉന്നയൻ പാർട്ടി അധ്യക്ഷൻ ഹുമയൂൺ കബീറിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വൈറൽ വിഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. താൻ സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി സമ്പർക്കത്തിലാണെന്നും തൃണമൂലിനെ വീഴ്ത്താൻ 1000 കോടി രൂപയുടെ കരാറിൽ 200 കോടി രൂപ അഡ്വാൻസ് കൈപ്പറ്റിയെന്നും കബീർ പറയുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. എന്നാൽ, ഈ വിഡിയോയുടെ വിശ്വാസ്യത സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നാണ് ഹുമയൂൺ കബീർ പ്രതികരിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയ കേന്ദ്രസേന പരിശോധനയുടെ പേരിൽ സ്ത്രീകളെ അപമാനിക്കുകയാണെന്നും മമത ആരോപിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി പണം നൽകുന്നുണ്ടെന്നും വോട്ടെടുപ്പിന് ശേഷം അവർ നൽകിയ വാഗ്ദാനങ്ങളെല്ലാം മറക്കുമെന്നും ബിഹാറിലെ സാഹചര്യം ഉദാഹരണമാക്കി അവർ പറഞ്ഞു. വോട്ടർ പട്ടിക പുതുക്കുന്ന എസ്.ഐ.ആർ പ്രക്രിയയിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണെന്നും മമത വിശേഷിപ്പിച്ചു. 2026ഓടെ കേന്ദ്ര ബി.ജെ.പി സർക്കാർ അധികാരത്തിൽനിന്ന് വീഴുമെന്നും മമത പ്രവചിച്ചു.
" 2026ൽ നിങ്ങളുടെ സർക്കാർ എല്ലായിടത്തും കൂപ്പുകുത്തുമെന്ന് ലോകത്തിനു മുഴുവനും അറിയാം.. അന്ന് ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നിയമങ്ങളെല്ലാം ഞങ്ങൾ റദ്ദാക്കും," മമത പറഞ്ഞു.
വോട്ടിങ് മെഷീനുകളിൽ ബി.ജെ.പി കൃത്രിമം കാണിക്കുന്നുണെന്നും മന്ദഗതിയിലുള്ള വോട്ടെടുപ്പിനും വോട്ടെണ്ണലിനും അവർ പദ്ധതിയിടുന്നുണ്ടെന്നും അണികൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

