അസമിൽ ബി.ജെ.പി സർക്കാറിന്റെ മുസ്ലിം വേട്ട; ബുൾഡോസർ രാജിൽ ഹിമന്ത സർക്കാർ ഒരു മാസത്തിനിടെ തകർത്തത് 4,000 വീടുകൾ
text_fieldsഅസമിൽ ബുൾഡോസർ ഉപയോഗിച്ച് വാസസ്ഥലം പൊളിച്ചുനീക്കുന്നു
ഗുവാഹതി: അസമിൽ ഗോൽപാര, ധുബ്രി, ലഖിംപൂർ ജില്ലകളിലെ ബംഗാളി വംശജരായ മുസ്ലിംകളെ ഭീതിയിലാഴ്ത്തി ഹിമന്ത ബിശ്വ ശർമയുടെ ബി.ജെ.പി സർക്കാർ തുടരുന്ന കൂട്ടക്കുടിയിറക്കലിൽ ഭവനരഹിതരായി പതിനായിരങ്ങൾ. 30 ദിവസത്തിനിടെ 4,000ലേറെ വീടുകളാണ് ബുൾഡോസർ രാജിൽ മണ്ണോടു ചേർന്നത്.
അനധികൃത കൈയേറ്റമൊഴിപ്പിക്കലെന്ന പേരിൽ വീടുകൾക്ക് പുറമെ സ്കൂളുകൾ, മദ്റസകൾ, പള്ളികൾ, ഈദ്ഗാഹുകൾ എന്നിവയടക്കം നൂറുകണക്കിന് കെട്ടിടങ്ങൾ നിരപ്പാക്കുന്ന അധികൃതർ കാർഷിക വിളകളും നശിപ്പിക്കൽ തുടരുകയാണ്. 15 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടമെങ്കിലും പലയിടത്തും അതുമുണ്ടായില്ല. കൈയേറ്റമൊഴിപ്പിക്കുമ്പോൾ ബദൽ താമസസൗകര്യം നൽകണമെന്ന സുപ്രീം കോടതി നിർദേശവും പാലിക്കപ്പെട്ടില്ല.
ഒറ്റനാളിൽ കുടിയിറക്കപ്പെട്ടത് 1,100 കുടുംബങ്ങൾ
കഴിഞ്ഞ ദിവസം ഗോൽപാര ജില്ലയിലെ പൈകാൻ ഗ്രാമത്തിൽ ബിദ്യാപാരയിലും ബെട്ട്ബാരിയിലുമായി 1,100ഓളം മുസ്ലിം കുടുംബങ്ങളാണ് ഒറ്റ നാളിൽ ഭവനരഹിതരായത്. ഗോത്രവർഗ വിഭാഗങ്ങളായി സർക്കാർ അംഗീകരിച്ച ‘ദേശി’ മുസ്ലിം സമുദായത്തിലെ കുടുംബങ്ങൾ പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചുവന്നവരാണ്.
പകരം താൽക്കാലിക താമസമടക്കം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും പുല്ലുവില കൽപിച്ചായിരുന്നു കനത്ത പൊലീസ് സാന്നിധ്യത്തിൽ ബുൾഡോസർ രാജ്. വൻ ആയുധ സന്നാഹങ്ങളുമായി 1,000ത്തിലേറെ പൊലീസുകാർ കനത്ത ബാരിക്കേഡുകൾ തീർത്താണ് പൈകാനിൽ കഴിഞ്ഞ ദിവസം സുരക്ഷയൊരുക്കിയത്. 50ലേറെ എക്സ്കവേറ്ററുകൾ ഒരേ സമയം പ്രവർത്തിച്ചപ്പോൾ ശരിക്കും യുദ്ധക്കളം പോലെ തോന്നിച്ചതായി നാട്ടുകാർ പറയുന്നു.
ഭീതിയിലാണ്ട് നോക്കിനിന്ന നാട്ടുകാരിൽ 60ലേറെ പ്രായമുള്ള അനാറുദ്ദീൻ എന്നയാൾ ഹൃദയാഘാതം വന്ന് മരിക്കുന്നതിനും സ്ഥലം സാക്ഷിയായി. ഇയാളുടെ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കുന്നതിsssൽ നിയന്ത്രണം ഏർപ്പെടുത്തിയ അധികൃതർ തലേന്ന് വെള്ളിയാഴ്ച നാട്ടുകാർ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കുന്നത് തടഞ്ഞതായും പരാതിയുണ്ട്. സ്ഥലം സന്ദർശിക്കാനെത്തിയ ആറു എം.എൽ.എമാരടങ്ങിയ എ.ഐ.യു.ഡി.എഫ് സംഘത്തെയും അധികൃതർ സ്ഥലത്തേക്ക് കടത്തിവിട്ടില്ല.
റോഡുകളും വൈദ്യുതി-ജല പദ്ധതികളും നടപ്പാക്കിയ പ്രദേശം 1951ലെ അസം എൻ.ആർ.സിയിൽ രജിസ്റ്റർ ചെയ്തതുമാണെന്ന് എ.ഐ.യു.ഡി.എഫ് എം.എൽ.എ ഹാഫിസ് റഫീഖുൽ പറയുന്നു. അനാറുദ്ദീന്റെ മരണം സർക്കാർ നടത്തിയ കൊലപാതകമാണെന്ന് എം.എൽ.എ അശ്റഫുൽ ഹുസൈൻ കുറ്റപ്പെടുത്തി.
ധുബ്രി: ഭവനരഹിതരായത് 3,000 കുടുംബങ്ങൾ
ധുബ്രി ജില്ലയിലെ സന്തോഷ്പൂർ, ചിറാകുത്തി, ചാരുവ ബക്റ എന്നിവിടങ്ങളിൽ താമസിച്ചുവന്ന 2000- 3000 മുസ്ലിം കുടുംബങ്ങളാണ് ജൂലൈ എട്ടിന് സമാനമായ ബുൾഡോസർ രാജിൽ ഭവനരഹിതരായത്. ഗോൽപാരയിൽ മുളങ്കാടുകൾ നിർമിക്കാനായിരുന്നെങ്കിൽ ധുബ്രിയിൽ അദാനി ഗ്രൂപ്പിന്റെ സോളാർ പദ്ധതിക്കായാണ് ആയിരക്കണക്കിന് ഏക്കർ ഒഴിപ്പിച്ചെടുത്തതെന്നാണ് റിപ്പോർട്ട്.
ബ്രഹ്മപുത്ര തീരത്തെ വീടുകൾ പ്രളയമെടുത്തതോടെയായിരുന്നു ഇവിടെയെത്തിയതെന്നും മൂന്നു തലമുറകളായി കഴിഞ്ഞുപോന്ന ഭൂമിയാണിതെന്നും സന്തോഷ്പൂർ സ്വദേശി അബ്ദുൽ ബതീൻ പറയുന്നു. ദിവസങ്ങൾക്കുമുമ്പ് നാൽബാരി, ലഖിംപൂർ ജില്ലകളിലും കൂട്ട കുടിയൊഴിപ്പിക്കൽ നടന്നിരുന്നു. നാൽബാരിയിലേത് കൈയേറ്റമല്ലെന്നും റവന്യൂ വകുപ്പ് രേഖകൾ നൽകിയതാണെന്നും താമസക്കാർ ബോധിപ്പിക്കുന്നുവെങ്കിലും ഇത് അവഗണിച്ചായിരുന്നു ബുൾഡോസറുകൾ എല്ലാം തകർത്തത്.
ലഖിംപൂരിൽ ദെബെര ദോലോനി, സിരിങ്സുക്, ധകുവഖോനിയ, റാങ് ചാലി ഗ്രാമങ്ങളിലായിരുന്നു നടപടി. കുടിയൊഴിപ്പിക്കൽ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സ്വതന്ത്ര എം.എൽ.എയും റായ്ജോർ ദൾ നേതാവുമായ അഖിൽ ഗൊഗോയ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

