കുടുംബ രാഷ്ട്രീയ വിമർശം ജോർ; പക്ഷേ, മഹാരാഷ്ട്രയിൽ ബന്ധുക്കളെ കൂട്ടത്തോടെ കളത്തിലിറക്കി ബി.ജെ.പി
text_fieldsമുംബൈ: കുടുംബ രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനം അഴിച്ചുവിടുന്ന ബി.ജെ.പിക്ക് മഹാരാഷ്ട്രയിൽ ഇഷ്ടം ഇതേ കുടുംബ രാഷ്ട്രീയം തന്നെ. ഡിസംബർ രണ്ടിന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ 33 ബി.ജെ.പി നേതാക്കളാണ് ഭാര്യമാർ, കുട്ടികൾ, ബന്ധുക്കൾ എന്നിവരെ കളത്തിലിറക്കുന്നത്. മന്ത്രിമാർ, എം.എൽ.എമാർ എന്നീ പദവികളിലിരിക്കുന്ന ബി.ജെ.പി നേതാക്കളാണ് വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ സ്വന്തക്കാർക്ക് സീറ്റുറപ്പിച്ച് മത്സരത്തിനിറക്കുന്നത്.
കുടുംബ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമർശനമുന്നയിക്കുന്ന ബി.ജെ. പി തന്നെയാണ് മഹാരാഷ്ട്രയിൽ ഏറ്റവും കുടുതൽ ബന്ധുക്കളെ കളത്തിലിറക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
മഹാരാഷ്ട്ര ജലവിഭവ, ദുരന്തനിവാരണ വകുപ്പ് മന്ത്രിയായ ഗിരിഷ് മഹാജന്റെ ഭാര്യ സാധന മഹാജൻ ജാംനർ നഗർ മുനിസിപ്പൽ കൗൺസിലിൽ എതിരില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് എതിർ സ്ഥാനാർഥികൾ നാമനിർദേശപത്രിക പിൻവലിച്ചതോടെയാണ് വോട്ടെടുപ്പില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെടുന്നത്.
ബി.ജെ.പി എം.എൽ.എ സഞ്ജയ് സവകറെയുടെ ഭാര്യ രജനി സവകറെ ഭുസവൽ നഗർ പഞ്ചായത്തിലും, മംഗേങ്ക് ചവാൻ എം.എൽ.എയുടെ ഭാര്യ ചലിസ്ഗോൺ നഗറിലും മത്സരിക്കുന്നു. ബി.ജെ.പി നേതാവും പ്രോട്ടോകോൾ മന്ത്രിയുമായ ജയകുമാർ റവാൽ അമ്മ നയൻ കുമാർ റവാലിനെയാണ് ധുലെ ജില്ലയിലെ ഷിൻഡെഖേഡ നഗർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിറക്കിയത്. എതിർ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ തള്ളിയതോടെ, നയൻ കുമാറിനെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ബി.ജെ.പി എം.എൽ.എ തനജി മുത്കുലെ മകൻ ശിവാജി മുത്കുലെയെയാണ് കളത്തിലിറക്കുന്നത്.
ശിവസേന, എൻ.സി.പി പാർട്ടി നേതാക്കളും ബന്ധുക്കളെ സജീവമായി മത്സര രംഗത്തിറക്കി കുടുംബ രാഷ്ട്രീയ പൈതൃകം നിലനിർത്തുന്നുണ്ട്. എന്നാൽ, ഏറ്റവും കുടുതൽ ബന്ധുക്കൾ കുടുംബ രാഷ്ട്രീയ വിമർശകരായ ബി.ജെ.പി നേതാക്കൾക്കാണെന്നതാണ് കൗതുകം.
രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കടന്നാക്രമിച്ച് കോൺഗ്രസിനെ വിമർശിക്കുന്നത് മുതൽ, ബിഹാറിൽ ആർ.ജെ.ഡി, ഉത്തർ പ്രദേശിൽ സമാജ്‍വാദി പാർട്ടി എന്നിവരെയും ബി.ജെ.പി കുടുംബ രാഷ്ട്രീയത്തിന്റെ പേരിൽ വേട്ടയാടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

