അയോധ്യ രാമക്ഷേത്ര കൊള്ള: ബി.ജെ.പി നേതൃത്വം മൗനത്തിൽ; യോഗിയും മോദിയും എല്ലാം ശരിയാക്കുമെന്ന് അണികൾ
text_fieldsരാമക്ഷേത്രം
അയോധ്യ: രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന സംഭാവനാ തട്ടിപ്പ് വിവാദത്തിൽ അയോധ്യയിലെ ബി.ജെ.പി നേതൃത്വം മൗനം പാലിക്കുന്നു. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ മടിക്കുന്ന പ്രാദേശിക നേതാക്കളും പ്രവർത്തകരും, തട്ടിപ്പ് നടത്തിയവർക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർശന നടപടിയെടുക്കുമെന്ന ഉറച്ച വിശ്വാസമാണ് പങ്കുവെക്കുന്നത്.
അയോധ്യയിലെ സാദത്ഗഞ്ച് ഏരിയയിലുള്ള പുതിയ ബി.ജെ.പി ഓഫിസിൽ രാമക്ഷേത്ര നിർമാണത്തിന്റെ നാഴികക്കല്ലുകൾ ആഘോഷിക്കുന്ന യു.പി സർക്കാരിന്റെ ‘സന്ദേശ്’ മാസികയുടെ പഴയ ലക്കങ്ങൾ അട്ടിയിട്ടിരിക്കുകയാണ്. എന്നാൽ, ഓഫിസിനുള്ളിലെ അന്തരീക്ഷം ഏറെ വ്യത്യസ്തമാണ്. സംഭാവനാ തട്ടിപ്പ് സംബന്ധിച്ച ചോദ്യങ്ങൾ ഉയരുമ്പോൾ ബി.ജെ.പി നേതാക്കളും പ്രവർത്തകരും തങ്ങളുടെ അകലം വ്യക്തമാക്കുന്നു. ഇത് രാമക്ഷേത്രവും ട്രസ്റ്റും തമ്മിലുള്ള വിഷയമാണെന്നും, ട്രസ്റ്റിൽ ബി.ജെ.പി പ്രതിനിധികൾ ആരുമില്ലെന്നുമാണ് അവർ ആവർത്തിക്കുന്നത്.
വിവാദത്തിൽ ആവർത്തിച്ചു കേൾക്കുന്ന ഒരേയൊരു പ്രതികരണം ഇതാണ്, ‘യോഗിജി പറഞ്ഞിട്ടുണ്ട്, നിങ്ങൾ നോക്കിക്കോളൂ, കർശന നടപടി ഉണ്ടാകും. ഈ സംവിധാനം മൊത്തത്തിൽ അദ്ദേഹം ശരിയാക്കും’.
ബി.ജെ.പി അയോധ്യ ജില്ല മുൻ ജനറൽ സെക്രട്ടറി മനോജ് വർമ്മ പറയുന്നതിങ്ങനെ- ‘ക്ഷേത്ര സന്ദർശനത്തിൽനിന്ന് വിട്ടുനിന്നവർ ഇപ്പോൾ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. ആരും ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ നടപടി ഉണ്ടാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ഞാൻ കരുതുന്നില്ല. അന്വേഷണം നടക്കും, കുറ്റക്കാരെ യോഗിജി വെറുതെ വിടില്ല’
അണികളുടെ ആശങ്കയും വിശ്വാസവും
സിവിൽ ലൈൻസിലെ പഴയ ബി.ജെ.പി ഓഫിസിലും സമാനമായ അന്തരീക്ഷമാണുള്ളത്. വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കുകയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്ന് അണികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എങ്കിലും, തട്ടിപ്പ് പ്രവർത്തകരെ അലട്ടുന്നുണ്ട്. രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന മുതിർന്ന നേതാക്കൾ, ട്രസ്റ്റ് നിലവിൽ പ്രവർത്തിക്കുന്ന രീതിയുമായി ഇപ്പോൾ പഴയതുപോലെ അത്ര അടുത്തുനിൽക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാൽ, വീടുകൾ തോറും കയറിയിറങ്ങി രാമക്ഷേത്രത്തിനായി സംഭാവന പിരിച്ച യുവ പ്രവർത്തകരുടെ വികാരം അല്പം കൂടി ശക്തമാണ്. ‘ഗ്രാമങ്ങളിൽ ലഹരിക്ക് അടിമപ്പെട്ടവരോട് പോലും രാമക്ഷേത്രത്തിനുള്ള പണമാണെന്ന് പറഞ്ഞാൽ അവർ അത് തട്ടിയെടുക്കാൻ ധൈര്യപ്പെടില്ല. അങ്ങനെയുള്ളപ്പോഴാണ് ഇവിടെ അവർ രാമന്റെ പണം തന്നെ കവർന്നത്’ -മണ്ഡലംതല പ്രവർത്തകൻ പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പിൽ അയോധ്യയിൽ നേരിട്ട തിരിച്ചടിക്ക് ശേഷം ഇപ്പോൾ ഇതും കൂടി ഉണ്ടായെന്നും, എന്നാൽ 2027ൽ തെറ്റുകൾ ആവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ പൊതുസ്ഥലങ്ങളിൽ ബി.ജെ.പി പ്രവർത്തകർ പ്രതിരോധിക്കാൻ മടിക്കുകയാണ്. പകരം, ‘യോഗിജിയും മോദിജിയും കാര്യങ്ങൾ ശരിയാക്കിക്കൊള്ളും’ എന്ന് ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യു.പി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും അറസ്റ്റുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് രാധേശ്യാം ത്യാഗി വ്യക്തമാക്കി.
എങ്കിലും, പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി ഈ വിഷയത്തിൽ ബി.ജെ.പിക്കെതിരെ വലിയ വിമർശനങ്ങളുമായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീങ്ങുന്ന ബി.ജെ.പിക്ക് ഈ വിവാദം 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിലും, 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

