Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്‍ലിംകളെ...

മുസ്‍ലിംകളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം കച്ചവടം ഇല്ലാതാക്കി; ‘നമ്മുടെ സ്വന്തം രാജ്യത്ത് നമ്മളെ തന്നെ എങ്ങനെ ബഹിഷ്കരിക്കുമെന്ന്’ തൊഴിൽ നഷ്ടപ്പെട്ടവർ

text_fields
bookmark_border
മുസ്‍ലിംകളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം കച്ചവടം ഇല്ലാതാക്കി; ‘നമ്മുടെ സ്വന്തം രാജ്യത്ത് നമ്മളെ തന്നെ എങ്ങനെ ബഹിഷ്കരിക്കുമെന്ന്’ തൊഴിൽ നഷ്ടപ്പെട്ടവർ
cancel

ഇൻഡോർ: കടം കുതിച്ചുയരുന്നതിനിടെ കയ്യിലുള്ള സ്റ്റോക്ക് എങ്ങനെയെങ്കിലും ഒന്നു വിൽക്കാനുള്ള ബദ്ധപ്പാടിലാണ് മധ്യപ്രദേശിലെ ഇൻഡോറിലെ സിറ്റ്‌ല മാതാ ബസാറിലെ മുസ്‍ലിം കടയുടമകൾ. തൊഴിലിൽ നിന്ന് പിരിച്ചുവിടപ്പെട്ട സെയ്ൽസ്മാൻമാർ ജോലിക്കായി യാചിക്കുന്നു. ഇവിടെനിന്നുള്ള പുതിയ കാഴ്ചയാണിത്.

ഒരു നൂറ്റാണ്ടിലേറെയായി ഹിന്ദു ഉടമകളും തുണി വിപണിയുടെ നട്ടെല്ലായ മുസ്‍ലിം വിൽപ്പനക്കാരും തയ്യൽക്കാരും സഹായികളും തമ്മിൽ ഈ ബസാറിൽ ഇഴപിരിക്കാനാവാത്ത ഒരു ഐക്യം നിലനിന്നിരുന്നു. കെട്ടുകണക്കിന് സാരികൾ, പല നിറങ്ങളിലുള്ള ലെഹങ്കകൾ, തറ മുതൽ സീലിങ് വരെ തുണികൾ അടുക്കി വച്ചിരിക്കുന്ന കടകൾ എന്നിവയാൽ മാർക്കറ്റ് സജീവമായിരുന്നു.

എന്നാൽ, ഇൻഡോർ ബി.ജെ.പി യൂനിറ്റ് വൈസ് പ്രസിഡന്റും വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷകിന്റെ തലവനുമായ അക്ലവ്യ ഗൗർ ഒക്ടോബർ 25നകം മുസ്‍ലിംകൾ മാർക്കറ്റ് വിട്ടുപോകണമെന്ന് അന്ത്യശാസനം നൽകിയതോടെ ആ സന്തുലിതാവസ്ഥ തകരാൻ തുടങ്ങി. ഇൻഡോർ എം.എൽ.എ മാലിനി ഗൗറിന്റെ മകനായ അക്ലവ്യ 2021 ജനുവരിയിൽ മുസ്‍ലിം ഹാസ്യനടൻ മുനവർ ഫാറൂഖിയും സഹതാരങ്ങളും ഹിന്ദു ദൈവങ്ങളെ പരിഹസിച്ചുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുകയും അനുയായികളുമായി ഇൻഡോറിലെ ഒരു കഫേയിൽ അതിക്രമിച്ചു കടക്കുകയും ചെയ്തതോടെയാണ് ആദ്യമായി വാർത്തകളിൽ ഇടം നേടിയത്.

കഴിഞ്ഞ രണ്ട് വർഷമായി ബസാറിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നതായി പരാതികൾ ലഭിച്ചിരുന്നുവെന്നും കേസിന്റെ വൈകാരിക സ്വഭാവം കാരണം ആരും പൊലീസിനെ സമീപിച്ചില്ല എന്നുമാണ് അന്ത്യശാസനം പുറപ്പെടുവിച്ചതിൽ അക്ലവ്യയുടെ അവകാശ വാദം. താൻ പ്രാദേശിക വ്യാപാരികളുമായി സംസാരിച്ചുവെന്നും അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന ആളുകളെ നീക്കം ചെയ്യാൻ അവർ തീരുമാനിച്ചുവെന്നുമാണ് മുസ്‍ലിംക​ളെ മാത്രം ലക്ഷ്യംവെച്ചതിനെക്കുറിച്ചുള്ള വിശദീകരണം. എന്നാൽ, നിരവധി ഹിന്ദു കടയുടമകൾ ഈ ഉത്തരവിനെ ചെറുക്കുകയും ദീർഘകാലമായി കൂടെ ജോലി ​ചെയ്യുന്നവർക്കുവേണ്ടി ചെറിയ പ്രതിഷേധം ഉയർത്തുകയും ചെയ്തതല്ലാതെ അവിടെ മറ്റൊന്നും സംഭവിച്ചില്ല. മറ്റു ചിലർ ഭയം കാരണം മൗനം പാലിച്ചു.

അക്ലവ്യയുടെ ആഹ്വാനത്തോടെ വിപണിയിൽ ഉടനടി സാമ്പത്തിക ആഘാതം അനുഭവപ്പെട്ടു. സ്വന്തമായി ഒരു സാരി സ്റ്റോർ ആരംഭിക്കാൻ അടുത്തിടെ 10 ലക്ഷം രൂപ വായ്പയെടുത്ത 25 വയസ്സുള്ള ഒരു സംരംഭകൻ തന്റെ സ്റ്റോക്ക് നഷ്ടത്തിൽ വിൽക്കാൻ നിർബന്ധിതനായി. ‘ഞാൻ കടക്കെണിയിലേക്ക് പതിക്കുകയാണ്. നമ്മുടെ സ്വന്തം രാജ്യത്ത് നമ്മളെ തന്നെ എങ്ങനെ ബഹിഷ്കരിക്കാൻ കഴിയും? ഇനി ഞാൻ എവിടേക്ക് പോകണം?’ -എന്നായിരുന്നു കൂടുതൽ പ്രത്യാഘാതങ്ങൾ ഭയന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ യുവാവിന്റെ ചോദ്യം.

ഗൗരവ് എന്ന 48കാരന് സഹാനുഭൂതിയുണ്ട്. ഗൗരവിന്റെ ശിക്ഷണത്തിലാണ് അവൻ വ്യാപാരത്തിന്റെ തന്ത്രങ്ങൾ പഠിച്ചത്. ‘ഈ ദസറയിലെ ബിസിനസ്സ് മന്ദഗതിയിലായിരുന്നു. വിവാദത്തിനു പിന്നാലെ ഞങ്ങൾക്ക് ചില മുസ്‍ലിം ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്നു. അത് ആഘോഷങ്ങൾക്ക് മങ്ങലേൽപിച്ചു. ഹിന്ദു-മുസ്‍ലിം വിവാദം ബിസിനസ് ഇല്ലാതാക്കി’യെന്നും ഗൗരവ് പറഞ്ഞു.

തങ്ങളുടെ ഏറ്റവും മികച്ച തൊഴിലാളികളും വൈദഗ്ധ്യമുള്ള വിൽപനക്കാരും കുട്ടികളായിരിക്കുമ്പോൾ തന്നെ ഇവിടെയെത്തിയ മുസ്‍ലിംകൾ ആണെന്ന് വ്യാപാരിയായ വിഷ്ണു വിജയവർഗിയ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, നിരോധനം കാരണം അവരുടെ കുടുംബങ്ങളിലെ സ്ത്രീകൾ പോലും വസ്ത്രങ്ങൾ വാങ്ങാൻ വരുന്നത് നിർത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ ഒമ്പത് വർഷമായി ഇവിടെയുണ്ട്. ആദ്യം സഹായികളായി, പിന്നീട് വിൽപനക്കാരായി, ഒടുവിൽ സ്വന്തമായി ചെറിയ കടകൾ നടത്തുന്നവരായി മാറിയെന്ന്’ ഒരു മുസ്‍ലിം വ്യാപാരി പറഞ്ഞു. ‘ഇന്നി​പ്പോൾ ഞങ്ങളിൽ 95 ശതമാനവും ഇവിടെ നിന്നും മാറി. ഞങ്ങൾ സാധനങ്ങൾ തുച്ഛമായ നിരക്കിൽ വിൽക്കാൻ നിർബന്ധിതരായിരിക്കുന്നു. എനിക്ക് ഇതിനകം 25 ലക്ഷം രൂപ നഷ്ടപ്പെട്ടു. എന്റെ തലയിൽ നാല് വായ്പകളുണ്ട്’ -അദ്ദേഹം ദുരവസ്ഥ വിവരിച്ചു.

കഴിഞ്ഞ നാലു മാസമായി സാമ്പത്തിക പ്രയാസത്തിലാണെന്ന് മറ്റു വ്യാപാരികളും പറയുന്നു. ദസറ സമയത്ത് അത് നികത്താനാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. സാധാരണയായി ബിസിനസ്സ് ഒരു ദിവസം 60,000ത്തോളം രൂപയിലെത്തും. ഈ സീസണിൽ, ഒന്നുമില്ല’- 36കാരനായ ഒരു കടയുടമ പറഞ്ഞു. ‘പ്രതിഷേധിക്കാൻ പോലും ഞങ്ങൾ ഭയപ്പെടുന്നു. പൊലീസ് കേസിൽ പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നാൽപത് വർഷമായി ഞങ്ങൾ ഇവിടെ ജോലി ചെയ്യുന്നു. ഈ മാർക്കറ്റിന് നൂറു വർഷം പഴക്കമുണ്ട്. എന്റെ സുഹൃത്തുക്കൾ വാടക വീടുകൾ ഉപേക്ഷിച്ചു’വെന്നും പേര് വെളിപ്പെടുത്താത്ത മറ്റൊരാൾ പറഞ്ഞു.

സാമ്പത്തിക ബഹിഷ്‌കരണത്തിനെതിരെ മുസ്‍ലിംകളിൽനിന്ന് രണ്ട് പരാതികൾ പൊലീസിന് ലഭിച്ചതായി ഇൻഡോർ ഡി.സി.പി ആനന്ദ് കലാഗ്ഡി പറഞ്ഞു. പരാതികൾ അന്വേഷിക്കാൻ ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും അവ ന്യായമായ രീതിയിൽ അന്വേഷിക്കുമെന്നും പറഞ്ഞു. അക്ലവ്യയുടെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘അത് രണ്ടാഴ്ചക്കുള്ളിൽ നിങ്ങൾക്ക് മനസ്സിലാകുമെന്നാ’യിരുന്നു കലാഗ്ഡിയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hindutwaBoycottmuslim discriminationMarkets ShutdownBJP
News Summary - BJP leader's call to boycott Muslims has destroyed business; Workers ask 'how can we boycott ourselves in our own country'
Next Story