ന്യൂഡൽഹി: കോവിഡ് ബാധിച്ചാൽ ആദ്യം പോയി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് അനുപം ഹസ്രയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗവിവരം ഇദ്ദേഹം തന്നെ സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.
ബി.ജെ.പി ദേശീയ സെക്രട്ടറിയായി ചുമതലേയറ്റ അനുപം ഹസ്ര സൗത്ത് 24 പർഗാനാസ് ജില്ലയിൽ പാർട്ടി യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു വിവാദ പരാമർശം. തുടർന്ന് അനുപം ഹസ്രക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വനിത മുഖ്യമന്ത്രിയെ അപമാനിക്കുന്ന പരാമർശമാണെന്നും പകർച്ചവ്യാധി വ്യാപിപ്പിക്കാനാണ് ശ്രമമെന്നും ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസിെൻറ അഭയാർഥി സെൽ സിലിഗുരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നായിരുന്നു കേസെടുത്തത്.
മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഹസ്രയും ബി.ജെ.പി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തത്. എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തതെന്ന ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തങ്ങൾ കോവിഡിനേക്കാള്‍ വലിയ ശത്രുവിനോട് പോരാടുകയാണെന്നും അത് മമത ബാനര്‍ജിയാണെന്നുമായിരുന്നു പ്രതികരണം. കോവിഡ് ബാധിക്കുകയാണെങ്കിൽ താൻ പോയി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്നും അവർക്ക് രോഗം വന്നാൽ മാത്രമേ ഈ മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖം മനസിലാകുവെന്നുമാണ് അനുപം ഹസ്ര പറഞ്ഞത്. രോഗബാധിതരോട് മമത സർക്കാർ നിര്‍ദയമായാണ് പെരുമാറുന്നതെന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്നും ഹസ്ര ആരോപിച്ചിരുന്നു.