ബിഹാറിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു
text_fieldsപട്ന: ബിഹാറിൽ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു. ബി.ജെ.പി കതിഹാര്‍ ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും ബല്‍റാംപൂര്‍ മണ്ഡലം മുൻ അധ്യക്ഷനുമായ സഞ്ജീവ് മിശ്രയാണ് കൊല്ലപ്പെട്ടത്. തെൽട പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടിനു സമീപം തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തലക്കും നെഞ്ചിലും വെടിയേറ്റ മിശ്രയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിനു പിന്നാലെ ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് സംഘടിച്ചെത്തുകയും ഇവിടെ പാർക്ക് ചെയ്തിരുന്ന നിരവധി പൊലീസ് വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. സംഭവസ്ഥലത്തേക്ക് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും അവരില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാനാവൂവെന്നും പൊലീസ് സൂപ്രണ്ട് ജിതേന്ദ്രകുമാര്‍ പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും അദ്ദേഹം അറിയിച്ചു. സഞ്ജീവ് മിശ്രക്ക് നേരെ ഒരു വർഷം മുമ്പും ആക്രമണം ഉണ്ടായിരുന്നു. അന്ന് ഗുരുതര പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

