ശിവലിംഗത്തിന് സമീപം ഇറച്ചിക്കഷ്ണം: വർഗീയവിഷം ചീറ്റി ബി.ജെ.പി എം.എൽ.എ; ‘പ്രതി’യെ തിരിച്ചറിഞ്ഞിട്ടും വിദ്വേഷ പോസ്റ്റ് ഡിലീറ്റ് ചെയ്തില്ല
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ തപ്പചബുത്രയിൽ ഹനുമാൻ ക്ഷേത്രത്തിൽ ശിവലിഗത്തിന് സമീപം ഇറച്ചിക്കഷണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് യാഥാർഥ്യം പുറത്തുവന്നിട്ടും വർഗീയ ആരോപണം പിൻവലിക്കാതെ ബി.ജെ.പി എം.എൽ.എ ടി. രാജാസിങ്. ഇറച്ചി കൊണ്ടിട്ടതിന്റെ പേരിൽ മുസ്‍ലിംകളെയടക്കം കുറ്റപ്പെടുത്തിയാണ് രാജാസിങ്ങിന്റെ വിഡിയോ. ഇറച്ചി വാർത്ത പരന്നതോടെ ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
‘മനഃപൂർവമായ പ്രകോപന പ്രവൃത്തി അംഗീകരിക്കാനാവില്ല. കോൺഗ്രസ് ഭരണത്തിന് കീഴിൽ വീണ്ടും ഹൈദരാബാദിലെ തപ്പചബുത്രയിൽ ഹനുമാൻ ക്ഷേത്രം ലക്ഷ്യമിട്ട് സാമൂഹിക വിരുദ്ധർ സമാധാനം തകർക്കാൻ ശ്രമിച്ചു. ചിലർ ഹനുമാൻ ക്ഷേത്രത്തിൽ കയറി ശങ്കറിന്റെ വിഗ്രഹത്തിലും ശിവലിംഗത്തിലും ഹനുമാൻ പ്രതിമയിലും പശു ഇറച്ചി എറിഞ്ഞു’ -രാജാസിങ് പറഞ്ഞു.
ഇറച്ചി ഇട്ടത് മനഃപൂർവമാണോ അതോ മൃഗങ്ങൾ ചെയ്തതാണോ അതോ മാനസിക രോഗികൾ ആണോ എന്ന് അന്വേഷിക്കാമെന്നും ഇതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും സൗത്ത് ഈസ്റ്റ് ഡിസിപി ചന്ദ്ര മോഹൻ പറഞ്ഞെങ്കിലും ഇവർ ചെവിക്കൊണ്ടില്ല. ഹൈദരാബാദിൽ ഇത്തരം പ്രവൃത്തികൾ പതിവായതായാണ് രാജാസിങ് പ്രതികരിച്ചത്. “മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഓരോ തവണയും നായയോ പൂച്ചയോ മാംസം കൊണ്ടുവന്നുവെന്ന് പൊലീസ് അവകാശപ്പെടുന്നു. ഈ വിശദീകരണം പതിവായി മാറിയിരിക്കുന്നു. ശക്തമായ നടപടിയെടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു” -രാജാസിങ് പറഞ്ഞു.
സംഭവത്തിന്റെ പേരിൽ വർഗീയ വിദ്വേഷ പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടെ, സംഭവത്തിലെ യഥാർഥ 'പ്രതിയെ' പൊലീസ് കണ്ടെത്തുക യും ചെയ്തു. ഒരു പൂച്ചയാണ് ഇറച്ചിക്കഷണം തെരുവിൽ നിന്ന് ക്ഷേത്രത്തിനുള്ളിൽ കൊണ്ടിട്ടതെന്ന് സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസ് പുറത്തുവിട്ടു. ആദ്യം തെരുവുനായ കടിച്ചുകൊണ്ടുവന്ന ഇറച്ചിക്കഷ്ണം പിന്നീട് പൂച്ച എടുത്ത് ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് സംയമനം പാലിക്കാൻ പൊലീസ് ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെയാണ് തപ്പചബുത്രയിലെ നടരാജ് നഗറിൽ മദീന ഹോട്ടലിനരികിലുള്ള ക്ഷേത്രത്തിനുള്ളിൽ ഇറച്ചിക്കഷണം കണ്ടെത്തിയത്. 250 ഗ്രാമോളം തൂക്കമുള്ള ഇറച്ചിക്കഷണമാണ് ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠക്ക് അരികിലായി പൂജാരി കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് വൻതോതിൽ ജനം ക്ഷേത്രത്തിനരികിലെത്തി. സംഭവം ബി.ജെ.പി നേതാക്കൾ ഏറ്റെടുക്കുകയും ഇതോടെ വിദ്വേഷ പ്രചാരണങ്ങൾ ആരംഭിക്കുകയും ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ക്ഷേത്രത്തിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു. ഇതോടെ, സാമുദായിക പ്രശ്നമായി ഇത് വളരാനുള്ള സാധ്യതയുമേറി.
സാമുദായിക സംഘർഷ സാധ്യത മുൻനിർത്തി വൻതോതിൽ പൊലീസിനെ സ്ഥലത്ത് വിന്യസിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രതിഷേധ സാഹചര്യത്തിൽ മേഖലയിലെ കടകളെല്ലാം ഇന്നലെ അടഞ്ഞുകിടക്കുകയായിരുന്നു.
മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ നാല് സംഘത്തെയാണ് പൊലീസ് നിയോഗിച്ചത്. ക്ഷേത്രത്തിന്‍റെ വടക്കുഭാഗത്തെ ഒരു സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടത് ഇറച്ചിക്കഷണവുമായി പൂച്ച പോകുന്നതാണ്. പൂച്ച ഇറച്ചിക്കഷണവുമായി ക്ഷേത്രത്തിനുള്ളിലേക്ക് പോകുന്നതും വ്യക്തമായി. ഇതോടെയാണ്, പൂച്ചയാണ് ക്ഷേത്രത്തിൽ ഇറച്ചിക്കഷണം കൊണ്ടിട്ടതെന്ന് തെളിഞ്ഞത്. ഇക്കാര്യം വ്യക്തമായതായി എ.സി.പി വിക്രം സിങ് മൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

