‘മോദി ഭക്തി’ മൂത്തപ്പോൾ നാക്കുപിഴ; സാംപിത് പത്ര മൂന്ന് ദിവസം വ്രതം അനുഷ്ഠിക്കും
text_fieldsഭുവനേശ്വർ: ഒഡിഷയിലെ പുരി ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിക്ക് മോദിഭക്തി അൽപം കുടിയപ്പോൾ സംഭവിച്ചത് ഗുരുതരമായ നാക്കുപിഴ. കഴിഞ്ഞദിവസം, പുരിയിൽ മോദിക്കൊപ്പമുള്ള റോഡ് ഷോയുടെ ആവേശം വിട്ടുമാറും മുമ്പേ ‘കനക് ന്യൂസ്’ എന്ന പ്രാദേശിക വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മോദിയെ ‘ദൈവ’വും ഹിന്ദു ദൈവമായ ജഗന്നാഥ ഭഗവാൻ അദ്ദേഹത്തിന്റെ ‘ഭക്ത’നുമായി മാറിപ്പോയി! ‘‘ നമ്മളെല്ലാം മോദി കുടുംബമാണ്.
മോദിയുടെ ഭക്തനാണ് ജഗന്നാഥ ഭഗവാൻ’ -ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അഭിമുഖം സംപ്രേഷണം ചെയ്ത ആദ്യ മണിക്കൂറുകളിൽ തന്നെ സംഭവം വിവാദമായി. മുഖ്യമന്ത്രി നവീൻ പട്നായിക് തന്നെ ആദ്യ വിമർശനവുമായി രംഗത്തെത്തി. ജഗന്നാഥ ഭഗവാനെ സാംപിത് പിത്ര അപമാനിച്ചുവെന്ന് അദ്ദേഹം തുറന്നടിച്ചു.
ആം ആദ്മിയും കോൺഗ്രസും വിമർശനവുമായി രംഗത്തെത്തി. ‘ബി.ജെ.പി കരുതുന്നത്, അവരെല്ലാം ദൈവത്തിനും മുകളിലാണെന്നാണ്. അഹങ്കാരത്തിന്റെ ഏറ്റവും ഉയർന്ന തലമാണിത്. ഈ പ്രസ്താവനയിലൂടെ മോദി ദൈവത്തെയാണ് അപമാനിച്ചിരിക്കുന്നത് ’- കെജ്രിവാൾ പറഞ്ഞു. അതിനിടെ, സംഭവം വിവാദമായതോടെ, സാംപിത് പിത്ര സമൂഹ മാധ്യമമായ ‘എക്സി’ലൂടെ ക്ഷമാപണം നടത്തി. നാക്കുപിഴ സംഭവിച്ചുവെന്നായിരുന്നു വിശദീകരണം. തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം വ്രതം അനുഷ്ഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

