കേരളത്തെ ഭീകരതയുടെ കേന്ദ്രമാക്കി ചിത്രീകരിക്കാൻ തരൂരിന്‍റെ ട്വീറ്റ് ഉദ്ധരിച്ച് ബി.ജെ.പി നേതാവ്; വ്യാഖ്യാനിച്ച് തരൂർ
text_fieldsതാലിബാൻ സംഘത്തിൽ മലയാളികളുടെ സാന്നിധ്യം സംശയിച്ച് ശശി തരൂർ പങ്കുവെച്ച ട്വീറ്റ് ഏറ്റെടുത്ത് ബി.ജെ.പി നേതാവ്. കേരളം ഭീകരവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമാണെന്ന പ്രചാരണത്തിനാണ് ബിജെ.പിയുടെ ഐ.ടി വിഭാഗം കൈകാര്യം ചെയ്യുന്ന വിനിത് ഗോയങ്ക തരൂരിന്‍റെ ട്വീറ്റ് ഉദ്ധരിച്ചത്.
'ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കപട മതേതരത്വവുമായി കോൺഗ്രസും ഇടതുപക്ഷവും കേരളത്തെ നശിപ്പിക്കുകയാണ്. ഇസ്ലാമിക ഭീകരവാദത്തിലേക്ക് ആളെ അയക്കുന്ന കേന്ദ്രമായി കേരളം മാറിയത് എങ്ങനെയെന്ന് 'അകത്തെ ശത്രുക്കൾ' എന്ന എന്‍റെ പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്' - തരൂരീന്‍റെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ട് വിനിത് ഗോയങ്ക ട്വീറ്റ് ചെയ്തു.
താലിബാന്‍റെ വിജയാഹ്ലാദത്തിനിടക്ക് മലയാളം പറയുന്നതായി ഒരു വിഡിയോ സഹിതം തരുർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 'സംസാരിക്കട്ടെ' എന്ന് ഒരാൾ മലയാളത്തിൽ പറയുന്നതായി കേൾക്കാമെന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്. 'സംസാരിക്കട്ടെ' എന്ന് ഒരാൾ മലയാളത്തിൽ പറയുേമ്പാൾ ചുരുങ്ങിയത് രണ്ട് മലയാളികളെങ്കിലും ആ സംഘത്തിലുണ്ടാകുമെന്നായിരുന്നു തരൂരിന്‍റെ നിഗമനം.
റാമിസ് എന്നയാൾ ട്വീറ്റ് ചെയ്ത വിഡിയോ ഉദ്ധരിച്ചായിരുന്നു തരൂരിന്‍റെ ട്വീറ്റ്. താലിബാൻ സംഘത്തിൽ മലയാളികളില്ലെന്നും സാബൂൾ പ്രവിശ്യയിൽ നിന്നുള്ളവർ ബ്രാവി ഭാഷ സംസാരിക്കുന്നതാണ് വിഡിയോയിൽ കേൾക്കുന്നതെന്നും റാമിസ് എന്നയാൾ പിന്നീട് ട്വീറ്റ് ചെയ്തു. ബ്രാവി ഭാഷ തമിഴ്, മലയാളം പോലുള്ള ദ്രാവിഡ ഭാഷകളോട് സാമ്യമുള്ളതാണെന്നും റാമിസ് എന്നയാൾ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് ശശി തരൂർ റിട്വീറ്റ് ചെയ്ത് പങ്കുവെച്ചെങ്കിലും താലിബാനിൽ മലയാളികളുണ്ടാകാനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന വാദവും അതോടൊപ്പം ചേർത്തിട്ടുണ്ട്.
തരൂരിന്‍റെ ട്വീറ്റിനെതിരെ നിരവധി പേർ രംഗത്തെത്തിയെങ്കിലും താലിബാനിൽ മലയാളി സാന്നിധ്യത്തിനുള്ള സാധ്യതയുണ്ടെന്ന വാദം ആവർത്തിക്കുന്ന ട്വീറ്റുകളാണ് തുടർന്നും തരൂർ പങ്കുവെച്ചത്. വിഡിയോയിൽ മലയാളം പറയുന്നില്ലെന്നും മലയാളികളെ ശശി തരൂർ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും എഴുത്തുകാരൻ എൻ.എസ്. മാധവൻ ചോദിച്ചു.
തരൂരിന്‍റെ ട്വീറ്റ് വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞതാണെന്നാണ് മാധ്യമപ്രവർത്തകൻ കോറാ അബ്രഹാം പറഞ്ഞത്. ജിഹാദി ഗ്രൂപ്പുകളിൽ കേരളത്തിൽ നിന്നുള്ളവർ ചേരുന്നുണ്ടെന്ന തരത്തിൽ തീവ്ര വലതുപക്ഷം വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകൾ കടുത്ത പ്രശ്നങ്ങൾ സൃഷ്ടിക്കും. കേരളത്തിൽ നിന്നുള്ള എം.പി എന്ന നിലക്ക് തരൂരിന് അതിൽ നല്ല ബോധ്യമുണ്ടാകണമെന്നും കോറാ ട്വിറ്ററിൽ കുറിച്ചു.
എന്നാൽ, കേരളത്തിൽ നിന്നുള്ളവർ അഫ്ഗാനിലെത്തിയ സംഭവങ്ങളിൽ തനിക്ക് നേരത്തെ ഇടപെടേണ്ടി വന്നിട്ടുണ്ടെന്നും ഒരു എം.പി എന്ന നിലയിൽ തൽസ്ഥിതി സംബന്ധി നല്ല ധാരണയുണ്ടെന്നുമായിരുന്നു തരൂരിന്‍റെ മറുപടി.
ഐ.എസുമായി ബന്ധപ്പെട്ട് അഫ്ഗാൻ ജയിലിൽ കഴിയുന്ന മലയാളികളെ താലിബാൻ മോചിപ്പിച്ച വാർത്തയും പിന്നീട് ശശി തരൂർ ട്വീറ്റ് ചെയ്തു. താലിബാനിലെ മലയാളി സാന്നിധ്യത്തെ കുറിച്ചുള്ള തന്‍റെ ട്വീറ്റിനെ കുറ്റപ്പെടുത്തിയവർ ഈ വാർത്ത ശ്രദ്ധിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഭീകര സംഘങ്ങളിലേക്ക് മലയാളികൾ റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്ന തരത്തിലുള്ള തന്‍റെ ട്വീറ്റിനെ ന്യായീകരിക്കാനായി പിന്നീട് നിരവധി ട്വീറ്റുകൾ നടത്തിയ തരൂർ, അത്തരം വാർത്തകളുടെ ചുവടു പിടിച്ച് ബി.ജെ.പി കേന്ദ്രങ്ങൾ അഴിച്ചുവിടുന്ന വിദ്വേഷ പ്രചാരണങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

