'മുസ്ലിംകൾ വേണ്ട, ഹിന്ദുവായ ഒരാളെ അയക്കൂ'; മുസ്ലിം ടെക്നീഷ്യൻമാരുടെ സേവനം നിരസിച്ച് ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: മുസ്ലിം ടെക്നീഷ്യൻമാരുടെ സേവനം നിരസിച്ച് ഡൽഹിയിലെ ബി.ജെ.പി നേതാവ്. ബി.ജെ.പി ജില്ല കോ-ഓർഡിനേറ്ററായ ദേവമണി ശർമയാണ് ടെക്നീഷ്യൻമാരോട് മതത്തെക്കുറിച്ച് ചോദിച്ചതും മുസ്ലിം ആണെന്ന് അറിഞ്ഞപ്പോൾ സേവനം നിരസിച്ചതും. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുസ്ലിം ടെക്നീഷ്യൻമാർക്ക് പകരം ഒരു ഹിന്ദു ടെക്നീഷ്യനെ നിയമിക്കണമെന്ന് ശർമ ആവശ്യപ്പെട്ടു. ഇത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ദേവ്മണി ശർമയുടെ വീട്ടിൽ എ.സി നന്നാക്കാൻ എത്തിയപ്പോഴാണ് സംഭവം. ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമായ അർബൻക്ലാപ്പാണ് ടെക്‌നീഷ്യൻമാരെ അയച്ചത്. ശർമ അവരുടെ പേരുകൾ ചോദിച്ചുവെന്നും ഇരുവരും മുസ്ലിംകളാണെന്ന് അറിഞ്ഞപ്പോൾ, 'നിങ്ങളിൽ നിന്ന് സേവനം ഞാൻ ആഗ്രഹിക്കുന്നില്ല, ഹിന്ദുവായ ഒരാളെ അയക്കുക' എന്ന് പറഞ്ഞ് അവരോട് പോകാൻ ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്.
മുസ്ലിം ടെക്നീഷ്യൻമാരുടെ സേവനം സ്വീകരിക്കാൻ നേതാവ് വിസമ്മതിക്കുന്നത് വിവേചനപരം മാത്രമല്ല, സമത്വത്തിന്റെയും നീതിയുടെയും തത്വങ്ങളുടെ വ്യക്തമായ ലംഘനവുമാണെന്ന് പലരും വിമർശിച്ചു. മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് ആധുനിക ഇന്ത്യയിൽ സ്ഥാനമില്ലെന്നും പാർട്ടി നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നവരും ഉണ്ട്. അതേസമയം മതത്തെ അടിസ്ഥാനമാക്കി ഒരു തരത്തിലുള്ള വിവേചനത്തെയും പിന്തുണക്കുന്നില്ലെന്ന് അർബൻക്ലാപ്പിന്റെ വക്താവ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

