ഭീകരാക്രമണത്തിൽ രാജ്യം വിലപിക്കുമ്പോൾ തന്നെ വേണോ ഇത്; വിമർശനവും ട്രോളും ഏറ്റുവാങ്ങി ബി.ജെ.പി നേതാവിന്റെ സൈനികരുമൊത്ത് മഞ്ഞിൽ ഉല്ലസിക്കുന്ന റീൽ
text_fieldsന്യൂഡൽഹി: കഴിഞ്ഞ ദിവസം ‘എക്സി’ൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനെ തുടർന്ന് ജമ്മു കശ്മീർ ബി.ജെ.പി മുൻ മേധാവിയും നിലവിലെ ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ രവീന്ദ്രർ റെയ്‌നക്കെതിരെ വിമർശനവും ട്രോളും.
ഒരു മിനിറ്റും14 സെക്കന്റും ദൈർഘ്യമുള്ള റീലിൽ യൂനിഫോം ധരിച്ച സൈനികർക്കൊപ്പം മഞ്ഞിൽ ഉന്മേഷത്തോടെ ഓടുന്ന റെയ്‌ന പ്രത്യക്ഷപ്പെടുന്നു. പശ്ചാത്തലത്തിൽ ‘ആരംഭ് ഹേ പ്രചണ്ഡ്’ എന്ന ഗാനവും പ്ലേ ചെയ്യുന്നു. ‘ജയ് ഹിന്ദ്’ എന്ന് റീലിന് അടിക്കുറിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഒരു ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയുള്ള പോസ്റ്റ് ‘എക്‌സി’ൽ പ്രതിഷേധത്തിന് തിരികൊളുത്തി.
ശിവസേന എം.പി പ്രിയങ്ക ചതുർവേദിയാണ് കടുത്ത പരിഹാസവുമായി എത്തിയത്. ‘റീൽ ഗെയിം ശരിയാണ്. നിങ്ങൾക്ക് അത്തരം സുരക്ഷ ഉണ്ടെങ്കിൽ ഒരു റീൽ നിർബന്ധം തന്നെയാണ്. സുരക്ഷാ സേനക്ക് പിന്നീട് അതിർത്തി കാക്കാനും കഴിയും. ബി.ജെ.പി നേതാക്കളെ സംരക്ഷിക്കുക എന്നതിനാണ് വ്യക്തമായ മുൻഗണന.’ - എന്നായിരുന്നു അത്.
ഇത്തരമൊരു പ്രവൃത്തിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകിയതിനെ നേരിട്ട് ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസും രംഗത്തുവന്നു. ‘നമ്മുടെ 28 പേരെ കശ്മീരിൽ തീവ്രവാദികൾ കൊലപ്പെടുത്തി. രാജ്യം മുഴുവൻ ദുഃഖത്തിലാണ്. പക്ഷേ, ബി.ജെ.പിയുടെ മുൻ ജമ്മു കശ്മീർ സംസ്ഥാന പ്രസിഡന്റും ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ രവീന്ദർ റെയ്‌ന മഞ്ഞിൽ ഉല്ലസിച്ചുകൊണ്ട് റീൽ നിർമിച്ചു. ഈ ദാരുണമായ സംഭവത്തിൽ അദ്ദേഹത്തിന് ദുഃഖമില്ലെന്ന് വ്യക്തമാണ്. സമൂഹ മാധ്യമത്തിൽ തന്റെ പ്രതിച്ഛായ മിനുക്കാൻ അദ്ദേഹം ഈ നിമിഷം ഉപയോഗിക്കുന്നു. എന്നാൽ, ബി.ജെ.പി നേതൃത്വവും പ്രധാനമന്ത്രിയും ഈ അസംബന്ധം അംഗീകരിക്കുന്നുണ്ടോ? ലജ്ജാകരം!’ - കോൺഗ്രസിന്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിൽ റീൽ പങ്കിട്ടു കൊണ്ട് കുറിച്ചു.
‘എക്‌സി’ലെ ഉപയോക്താക്കളും അതൃപ്തി പ്രകടിപ്പിച്ചു. ‘പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. എന്നാൽ, ബി.ജെ.പി നേതാക്കൾ അവരെ കൂട്ടത്തോടെയാണ് വാങ്ങുന്നത്. വൗ!’ - എന്ന് ഒരു ഉപയോക്താവ് പരിഹാസത്തോടെ കുറിച്ചു.
‘ഒരു ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ രാജ്യം മുഴുവൻ വിലപിക്കുമ്പോൾ, നിങ്ങൾ ബി.ജെ.പിയിൽ ചേർന്നുകഴിഞ്ഞാൽ റീലുകൾ സൃഷ്ടിക്കാൻ ഒരു പ്രത്യേക കോഴ്‌സ് നടത്തുന്നുണ്ടോ അതോ അത് സ്വാഭാവികമായി സംഭവിക്കുന്നതാണോ?’ -മറ്റൊരു ഉപയോക്താവ് ചോദിച്ചു.
വിമർശനങ്ങൾക്ക് റെയ്‌ന മറുപടി നൽകിയിട്ടില്ല. തന്റെ പോസ്റ്റിലെ അടിക്കുറിപ്പിനപ്പുറം ഒരു വിശദീകരണവും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

