കൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ ജൽപായ്ഗുരി ജില്ലയിലെ കന്നി വോട്ടർമാർക്ക് സ്മാർട്ട് ഫോൺ നൽകുമെന്ന് ബി.ജെ.പി നേതാവ് മുകുൾ റോയ്. കേന്ദ്ര സർക്കാർ പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതിനായി നമുക്ക് സ്മാർട്ട്ഫോണുകൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുകുൾ റോയിയുടെ വാഗ്ദാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബംഗാളിലെ ജനങ്ങൾ ദരിദ്രരാണെങ്കിലും എല്ലാ വാഗ്ദാനങ്ങൾക്കും അവർ കീഴടങ്ങില്ലെന്ന് ഉറപ്പുണ്ട്. ഇത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപെടുത്തി. അവർ താമസിയാതെ നടപടിയെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു -തൃണമൂൽ സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പറഞ്ഞു.
റോയ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തൃണമൂൽ കോൺഗ്രസ് ജൽപായ്ഗുരി ജില്ലാ പ്രസിഡന്റ് സൗരവ് ചക്രവർത്തി പറഞ്ഞു.പാർട്ടി അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കും.സാധാരണ ജനങ്ങളെ വഞ്ചിക്കാനാണിത്. മുകുൾ റോയ് ജനത്തോടു മാപ്പ് ചോദിക്കണം. ബി.ജെ.പിയുടെ രാഷ്ട്രീയ സംസ്കാരമാണിത്- അദ്ദേഹം വ്യക്തമാക്കി.