ബി.ജെ.പി നേതാവ് കോൺഗ്രസിലേക്ക്; ഈശ്വരപ്പയുടെ മകനെതിരെ മത്സരിക്കും
text_fieldsമംഗളൂരു: കർണാടകയിൽ ബിജെപിയുടെ എം.എൽ.സി ആയനൂർ മഞ്ചുനാഥ കോൺഗ്രസിൽ ചേരുമെന്ന് തിങ്കളാഴ്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഇതോടെ ആഴ്ചയിൽ ആ പാർട്ടി വിടുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ എണ്ണം മൂന്നായി. പുട്ടണ്ണ,ബാബു റാവു ചിഞ്ചൻസൂർ എന്നിവർ നേരത്തെ രാജിവെച്ചിരുന്നു.
രാജിക്കത്ത് ചൊവ്വാഴ്ച കൗൺസിൽ ചെയർപേഴ്സന് കൈമാറുമെന്ന് മഞ്ചുനാഥ പറഞ്ഞു. മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ.എസ്.ഈശ്വരപ്പ എംഎൽഎയുടെ സിറ്റിംഗ് സീറ്റായ ഷിവമോഗ്ഗ സിറ്റി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി താൻ മത്സരിക്കും. മുൻ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ ഇത്തവണ മത്സരിക്കാത്ത സാഹചര്യത്തിൽ സമകാലികനായ ഈശ്വരപ്പക്കും സീറ്റ് നൽകേണ്ടെന്നാണ് പാർട്ടി തീരുമാനം.പകരം മകൻ കാന്തേഷിനെ രംഗത്തിറക്കാനാണ് ശ്രമം.
ഈശ്വരപ്പക്ക് കൈക്കൂലി ആരോപണത്തെ തുടർന്ന് പഞ്ചായത്ത് -ഗ്രാമവികസന മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ബി.ജെ.പി നേതാവും കരാറുകാരനുമായ സന്തോഷ് പടിലിന്റെ ആത്മഹത്യ കുറിപ്പിൽ ഈശ്വരപ്പ 40ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ ജീവനൊടുക്കാൻ കാരണമെന്ന് സൂചിപ്പിച്ചിരുന്നു. മുസ്‌ലിം വിരുദ്ധ പ്രസ്താവനകളിലൂടെ ശ്രദ്ധേയനാണ് ഈശ്വരപ്പ. ഉച്ച ഭാഷിണിയിൽ ബാങ്ക് വിളിയെ പൊതുയോഗത്തിൽ വിമർശിച്ച ഈശ്വരപ്പ"അല്ലാഹുവിന് ചെവി കേൾക്കില്ലേ'' എന്ന് ചോദിച്ചത് വിവാദമായെങ്കിലും അദ്ദേഹം തിരുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

