ഗോദ്സെയെ പുകഴ്ത്തി കർണാടക ബി.ജെ.പി നേതാക്കളും; അമിത് ഷാ വിശദീകരണം തേടി
text_fieldsബംഗളൂരു: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോദ് സെയെ പുകഴ്ത്തി കർണാടകയിലെ ബി.ജെ.പി നേതാക്കൾ. കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ യും ദക്ഷിണ കന്നട എം.പി നളിൻകുമാർ കട്ടീലുമാണ് പ്രജ്ഞ സിങ് ഠാകുറിനു പിന്നാലെ ഗോദ് സെ സ്തുതിയുമായി രംഗത്തെത്തിയത്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഗോദ്സെയുമായി താരതമ്യപ്പെടുത്തിയായിരുന്നു നളിൻകുമാറിെൻറ ട്വീറ്റ്. ‘ഗോദ്സെ ഒരാളെയും മുംബൈ ആക്രമണക്കേസിൽ അറസ്റ്റിലായ അജ്മൽ കസബ് 72 പേരെയും രാജീവ് ഗാന്ധി 17,000 പേരെയും കൊന്നുവെന്നും ഇവരിൽ ക്രൂരനാരെന്ന് നിങ്ങൾ തീരുമാനിക്കൂ’ എന്നുമായിരുന്നു നളിൻകുമാർ കട്ടീലിെൻറ പരാമർശം. നിരവധി ബി.ജെ.പി പ്രവര്‍ത്തകർ ട്വീറ്റ് ഏറ്റെടുത്തെങ്കിലും രാജീവ് ഗാന്ധിയെ ഗോദ്സെയുമായി താരതമ്യം ചെയ്തതിന് സമൂഹമാധ്യമങ്ങളില്‍ വൻ പ്രതിഷേധമുയർന്നതോടെ ട്വീറ്റ് പിന്‍വലിച്ച് എം.പി മാപ്പുപറഞ്ഞു.
ഏഴു പതിറ്റാണ്ടിനുശേഷം ഗോദ്സെ വീണ്ടും ചർച്ചയാവുന്നതിൽ സന്തോഷമുണ്ട്, ഇത് ഗോദ്സെയെയും സന്തോഷിപ്പിക്കുന്നുണ്ടാവും’ എന്നായിരുന്നു ഉത്തരകന്നട എം.പി അനന്ത്കുമാർ ഹെഗ്ഡെയുടെ പ്രസ്താവന. ഗോദ്സെയെ രാജ്യസ്നേഹിയെന്നു വിളിച്ചതിെൻറ പേരിൽ പ്രജ്ഞ സിങ് ഠാകുർ മാപ്പുപറയേണ്ടതില്ലെന്നും ഹെഗ്ഡെ ട്വിറ്ററിൽ പറഞ്ഞു. പരാമർശത്തിൽ പ്രതിഷേധമുയർന്നതോടെ തെൻറ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വാദവുമായി അനന്ത്കുമാർ ഹെഗ്ഡെ രംഗത്തെത്തി. വിവാദ പോസ്റ്റിന് താൻ ഹേതുവായതിൽ ഖേദമുണ്ടെന്നും സൂചിപ്പിച്ചു.