കർണാടക എം.എൽ.സി തെരഞ്ഞെടുപ്പിൽ ബി.ജെ.പി –ജെ.ഡി-എസ് സഖ്യം; സഖ്യത്തിന് മുന്നിട്ടിറങ്ങിയത് എച്ച്.ഡി. ദേവഗൗഡ
text_fieldsബംഗളൂരു: കർണാടകയിലെ നിയമ നിർമാണ കൗൺസിൽ (എം.എൽ.സി) തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യം ചേർന്ന് ജെ.ഡി-എസ്. നേരത്തെ ബി.ജെ.പിയുമായി സഹകരിക്കുന്നതിൽ എതിർപ്പുന്നയിച്ചിരുന്ന ജെ.ഡി-എസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ തന്നെയാണ് ഇത്തവണ സഖ്യത്തിനായി മുന്നിട്ടിറങ്ങിയതെന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റു ബി.ജെ.പി നേതാക്കളുമായും എച്ച്.ഡി. ദേവഗൗഡ ചർച്ച നടത്തിയിരുന്നു.
2023ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി ജെ.ഡി-എസ് സഖ്യം ചേരാനുള്ള സാധ്യതയും ഇതോടെ ശക്തമായി. ഡിസംബർ പത്തിനാണ് കർണാടകയിൽ 25 നിയമ നിർമാണ കൗൺസിൽ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. സഖ്യധാരണ പ്രകാരം ജെ.ഡി-എസ് മത്സരിക്കുന്ന കോലാർ-ചിക്കബെല്ലാപുർ, മൈസൂരു, ബംഗളൂരു റൂറൽ, ഹാസൻ, തുമകുരു ജില്ലകളിലെ ആറു സീറ്റുകളിൽ ബി.ജെ.പി പിന്തുണ നൽകും. മറ്റു സീറ്റുകളിൽ ജെ.ഡി-എസ് ബി.ജെ.പി സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യും. 25 സീറ്റുകളിലും ബി.ജെ.പി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ടെങ്കിലും ദക്ഷിണ കർണാടക മേഖലയിൽ ജെ.ഡി-എസ് സ്ഥാനാർഥികൾക്കാകും ബി.ജെ.പി വോട്ടെന്നാണ് ധാരണ.
സഖ്യം സംബന്ധിച്ച് ജെ.ഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ഔദ്യോഗിക പ്രഖ്യാപനം നടത്തും. നവംബർ 30നാണ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി നേരിട്ടും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി ഫോണിലൂടെയും എച്ച്.ഡി. ദേവഗൗഡ ചർച്ച നടത്തിയത്. സഖ്യസാധ്യത സംബന്ധിച്ച് ജെ.പി. നഡ്ഡ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുമായും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായും ചർച്ച നടത്തി. ഡൽഹിയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കേന്ദ്ര നേതാക്കളോട് സഖ്യത്തിന് തയാറാണെന്ന് അറിയിച്ചു. 75 അംഗ നിയമ നിർമാണ കൗൺസിലിൽ ഭൂരിപക്ഷം നേടാൻ ബി.ജെ.പിക്ക് കൂടുതൽ സീറ്റുകളിൽ വിജയിക്കേണ്ടത് അനിവാര്യമാണ്.
സംസ്ഥാന തലത്തിൽ സഖ്യം സംബന്ധിച്ച് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ചർച്ചകൾ നടത്തിയിരുന്നു. സഖ്യം ചേർന്നാൽ കോൺഗ്രസിെൻറ വിജയം ആറു സീറ്റുകളിൽ ഒതുക്കാമെന്നും ത്രികോണ മത്സരമുണ്ടായാൽ അത് കോൺഗ്രസിന് അനുകൂലമാകുമെന്നും ദേവഗൗഡ ബി.ജെ.പി നേതാക്കളെ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

