രൂക്ഷ അവഹേളനം; രാഹുൽ ഗാന്ധിയേയും അസിം മുനീറിനെയും ചേർത്തുള്ള ചിത്രം പങ്കുവെച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി, രാഹുലിന്റെ ലക്ഷ്യം നിഷാൻ-ഇ-പാകിസ്താനോയെന്ന് ചോദ്യം
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയെ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി അവഹേളിച്ച് ബി.ജെ.പി ഐ.ടി.സെൽ മേധാവി അമിത് മാളവ്യ. രാഹുലിന്റെയും പാക് സൈനിക മേധാവി അസിം മുനീറിന്റെയും ചിത്രങ്ങൾ ചേർത്ത് വെച്ച ചിത്രം പങ്കുവെച്ചായിരുന്നു അവഹേളനം.
പാകിസ്താന്റെയും അവരുടെ അനുഭാവികളുടെയും ഭാഷയിലാണ് രാഹുൽ സംസാരിക്കുന്നതെന്നും പാകിസ്താന്‍റെ പരമോന്നത ബഹുമതിയായ 'നിഷാൻ ഇ പാകിസ്താനാണോ' രാഹുലിന്‍റെ അടുത്ത ലക്ഷ്യമെന്ന് പരിഹസിക്കുകയും ചെയ്തു.
ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം ഭീകരരുടെ മനോവീര്യം തകർത്തപ്പോൾ പാക് മാധ്യമങ്ങൾ ചോദിക്കുന്ന അതേ ചോദ്യങ്ങൾ തന്നെയാണ് രാഹുൽ ഗാന്ധിയും ചോദിക്കുന്നതെന്നും എത്ര പാകിസ്താൻ ജെറ്റുകൾ വെടിവച്ചിട്ടുവെന്നോ ഇന്ത്യയുടെ ബോംബാക്രമണത്തിൽ ഏതൊക്കെ പാക് വ്യോമതാവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നോ രാഹുൽ ഗാന്ധി ഒരിക്കൽ പോലും അറിയാൻ ശ്രമിച്ചില്ലെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.
അമിത് മാളവ്യയുടെ ട്വീറ്റിന്റെ പൂർണരൂപം
"രാഹുൽ ഗാന്ധി പാകിസ്താന്റെയും അവരുടെ അനുഭാവികളുടെയും ഭാഷയിൽ സംസാരിക്കുന്നതിൽ അതിശയിക്കാനില്ല. ഓപ്പറേഷൻ സിന്ദൂരിന് അദ്ദേഹം പ്രധാനമന്ത്രിയെ അഭിനന്ദിച്ചില്ല. പകരം, എത്ര ജെറ്റുകൾ നമുക്ക് നഷ്ടപ്പെട്ടുവെന്ന് ആവർത്തിച്ച് ചോദിക്കുന്നു. ഡി.ജി.എം.ഒ ബ്രീഫിംഗിൽ ഇതിനകം ഉത്തരം ലഭിച്ച ഒരു ചോദ്യമാണിത്. രസകരമെന്നു പറയട്ടെ, സംഘർഷത്തിൽ എത്ര പാകിസ്താൻ ജെറ്റുകൾ വെടിവച്ചു വീഴ്ത്തിയെന്നോ, ഇന്ത്യൻ സൈന്യം പാകിസ്താൻ വ്യോമതാവളങ്ങളിൽ ബോംബിട്ടപ്പോൾ ഹാംഗറുകളിൽ നിർത്തിയിട്ടിരുന്ന എത്ര വിമാനങ്ങൾ നശിപ്പിക്കപ്പെട്ടെന്നോ അദ്ദേഹം ഒരിക്കൽ പോലും ചോദിച്ചില്ല. രാഹുൽ ഗാന്ധിയുടെ അടുത്ത ലക്ഷ്യം എന്താണ്? നിഷാൻ-ഇ-പാകിസ്ഥാൻ?"
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭീകരവാദ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് പാകിസ്താനെ മുൻകൂട്ടി അറിയിച്ചത് വീഴ്ചയല്ലെന്നും കുറ്റകൃത്യമാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ബി.ജെ.പി ഐ.ടി.സെൽ മേധാവിയുടെ അവഹേളനം. ഇന്ത്യയുടെ പ്രത്യാക്രമണം പാകിസ്താൻ അറിഞ്ഞതിനാൽ ഇന്ത്യക്ക് എത്ര വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഓപറേഷൻ ആരംഭിക്കുമ്പോൾതന്നെ പാകിസ്താന് സന്ദേശം അയച്ചിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറയുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചായിരുന്നു രാഹുലിന്റെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

