മുസ്ലീം സ്ത്രീകൾക്കൊപ്പമാണ് ബി.ജെ.പി; 'മോദി-മോദി' എന്ന് മുദ്രാവാക്യം വിളിച്ച് മുസ്ലീം പെൺകുട്ടികൾ പിന്തുണക്കാറുണ്ടെന്ന് പ്രധാനമന്ത്രി
text_fieldsലഖ്നൗ: രാജ്യത്തെ എല്ലാ മുസ്ലീം സ്ത്രീകൾക്കും വേണ്ടിയാണ് ബി.ജെ.പി നിലകൊള്ളുന്നതെന്നും പ്രതിപക്ഷപാർട്ടികൾ മുസ്ലീം സഹോദരിമാരെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് എന്ന വിപത്തിൽ നിന്ന് മുസ്ലീം സഹോദരിമാരെയും പെൺകുട്ടികളെയും മോചിപ്പിച്ചത് ബി.ജെ.പി സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ സഹരൻപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം സ്ത്രീകൾ ബി.ജെ.പിയെ പിന്തുണക്കാറുണ്ടെന്നും മുസ്ലീം പെൺകുട്ടികൾ പോലും 'മോദി-മോദി' എന്ന് മുദ്രാവാക്യം വിളിക്കുന്നത് കണ്ട് അസ്വസ്ഥരായ പ്രതിപക്ഷപാർട്ടികൾ ഓരോന്ന് പറഞ്ഞ് അവരെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിൽ കള്ള വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറാനാണ് ഈ രാഷ്ട്രീയ പാർട്ടികളൊക്കെ ശ്രമിക്കുന്നതെന്നും ആരെങ്കിലും വലിയ വാഗ്ദാനങ്ങൾ നൽകിയാൽ അവർ സാധാരണയായി ശൂന്യരും നിരുത്തരവാദികളായിരിക്കുമെന്ന് ഓർക്കണമെന്നും പ്രധാനമന്ത്രി ആരോപിച്ചു. മുസാഫർനഗറിലും സഹരൻപൂരിലും നടന്ന കലാപങ്ങളെ പരാമർശിച്ച് സമാജ്‌വാദി പാർട്ടിക്കാർ ലഹളക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
കലാപകാരികളെ പിന്തുണയ്ക്കരുതെന്ന് അഭ്യർഥിച്ച പ്രധാനമന്ത്രി അവർ യുപിയിലെ ജനങ്ങളോട് പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു. ഉത്തർപ്രദേശിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് ആറ് മണിയോടെ വോട്ടെടുപ്പ് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

