ബി.ജെ.പി ‘ഭ്രഷ്ട് ജനതാ പാർട്ടി’; ഇരട്ട എൻജിൻ സർക്കാറുകളുടെ ചെയ്തികൾ എണ്ണിയെണ്ണിപ്പറഞ്ഞ് രാഹുൽ
text_fieldsന്യൂഡൽഹി: ബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിലെ അവരുടെ ഇരട്ട എൻജിൻ സർക്കാറുകൾ അഴിമതി, അധികാര ദുർവിനിയോഗം, അഹങ്കാരത്തിന്റെ വിഷം എന്നിവയിലൂടെ ജനങ്ങളുടെ ജീവിതം നശിപ്പിച്ചുവെന്ന് അവകാശപ്പെട്ടു.
ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരിയുടെ കൊലപാതകം, ഉത്തർപ്രദേശിലെ ഉന്നാവോ ബലാത്സംഗക്കേസ്, ഇൻഡോറിലെ മലിനജലം കുടിച്ചുള്ള മരണം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ ആക്രമണം. അഴിമതി, അധികാര ദുർവിനിയോഗം, അഹങ്കാരത്തിന്റെ വിഷം എന്നിവ ബി.ജെ.പിയുടെ രാഷ്ട്രീയത്തിൽ മുകളിൽ നിന്ന് താഴേക്ക് വ്യാപിച്ചിരിക്കുന്നുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് ഹിന്ദിയിലുള്ള ‘എക്സ്’ പോസ്റ്റിൽ പറഞ്ഞു.
മോദിജിയുടെ ‘ഇരട്ട എൻജിൻ’ പ്രവർത്തിക്കുന്നത് ശതകോടീശ്വരന്മാർക്കുവേണ്ടി മാത്രമാണ്. സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അഴിമതിയുടെ ഈ ഇരട്ട എൻജിൻ സർക്കാറിന് വികസനത്തിലല്ല വേഗം. മറിച്ച് നാശത്തിലാണ്. ഇത് ഓരോ ദിവസവും ഒരാളുടെ ജീവിതം തകർക്കുന്നുവെന്നും കോൺഗ്രസ് നേതാവ് ‘ഭ്രഷ്ട് ജനതാ പാർട്ടി’ എന്ന ‘ഹാഷ്‌ടാഗ്’ ഉപയോഗിച്ച് ആരോപിച്ചു.
അവരുടെ വ്യവസ്ഥിതിയിൽ ദരിദ്രരുടെയും നിസ്സഹായരുടെയും തൊഴിലാളികളുടെയും മധ്യവർഗത്തിന്റെയും ജീവിതം വെറും സ്ഥിതിവിവരക്കണക്കുകൾ മാത്രമാണെന്നും വികസനത്തിന്റെ പേരിൽ കൊള്ളയടിക്കൽ സംവിധാനം പ്രവർത്തിക്കുന്നുവെന്നും രാഹുൽ ആരോപിച്ചു.
ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരിയുടെ ക്രൂരമായ കൊലപാതകം മുഴുവൻ രാജ്യത്തെയും പിടിച്ചുലക്കുകയാണ്. ഉത്തർപ്രദേശിലെ ഉന്നാവോ കേസിൽ, അധികാരത്തിന്റെ അഹങ്കാരം കാരണം കുറ്റവാളികളെ എങ്ങനെ സംരക്ഷിക്കപ്പെട്ടുവെന്നും നീതിക്കായി ഇരക്ക് എത്ര വില നൽകേണ്ടി വന്നുവെന്നും രാജ്യം മുഴുവൻ കണ്ടു. ഇൻഡോറിൽ മലിനജലം കുടിച്ചതിന്റെയും ഗുജറാത്ത്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലത്തിന്റെയും മലിനമായ വിതരണത്തിന്റെയും പരാതികളായാലും എല്ലായിടത്തും രോഗഭീതി ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജസ്ഥാനിലെ ആരവല്ലി പർവതനിരകൾ മുതൽ മറ്റ് പ്രകൃതിവിഭവങ്ങൾ വരെ ശതകോടീശ്വരന്മാരുടെ അത്യാഗ്രഹവും സ്വാർത്ഥതാത്പര്യവും എത്തിയ ഇടങ്ങളിലെല്ലാം നിയമങ്ങൾ ചവിട്ടിമെതിക്കപ്പെട്ടിരിക്കുന്നു. പർവതങ്ങൾ തുരന്നില്ലാതാക്കുന്നു, വനങ്ങൾ നശിപ്പിക്കപ്പെടുന്നു, പൊതുജനങ്ങൾക്ക് പകരം പൊടി, മലിനീകരണം, ദുരന്തം എന്നിവ ലഭിക്കുന്നു -രാഹുൽ പറഞ്ഞു.
ചുമ സിറപ്പ് മൂലമുള്ള കുട്ടികളുടെ മരണം, സർക്കാർ ആശുപത്രികളിൽ നവജാതശിശുക്കളെ എലികൾ കൊല്ലുന്നത്. സർക്കാർ സ്കൂളുകളുടെ മേൽക്കൂരകൾ തകർന്നുവീഴുന്നത്. ഇത് അശ്രദ്ധയല്ല, മറിച്ച് അഴിമതിയുടെ നേരിട്ടുള്ള അനന്തരഫലമാണെന്നും അദ്ദേഹം തുടർന്നു. പാലങ്ങൾ തകരുന്നു, റോഡുകൾ തകരുന്നു, ട്രെയിൻ അപകടങ്ങളിൽ കുടുംബങ്ങൾ തുടച്ചുനീക്കപ്പെടുന്നു. ബി.ജെ.പി സർക്കാർ എല്ലായ്‌പ്പോഴും ഇതുതന്നെ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

