അസമിൽ ബി.ജെ.പി ഇറക്കുമതി ചെയ്തത് 50,000 പുറംനാട്ടുകാരെ, പാമ്പിനെ വിശ്വസിക്കാം പക്ഷേ ബി.ജെ.പിയെ വിശ്വസിക്കരുതെന്ന് മമത ബാനർജി
text_fieldsഅസം: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ ഉത്തർപ്രദേശിൽ നിന്ന് 50,000 പേരെ ബി.ജെ.പി ട്രെയിൻ മാർഗ്ഗം എത്തിച്ചതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അസമിലെ ജനങ്ങളുടെ വോട്ടിൽ ബി.ജെ.പിക്ക് വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇത്തരത്തിൽ പുറത്തുനിന്നുള്ളവരെ ഇറക്കുമതി ചെയ്തതെന്ന് അവർ ആരോപിച്ചു. വടക്കൻ 24 പർഗാനാസിലെ തെൻതുലിയയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു തൃണമൂൽ കോൺഗ്രസ് അധ്യക്ഷ. രാജ്യത്തെ ഒരു അന്വേഷണ ഏജൻസിയും ഇപ്പോൾ നിഷ്പക്ഷമല്ലെന്നും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ അവയെയെല്ലാം വിലയ്ക്കെടുത്തിരിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
ഒരു പാമ്പിനെപ്പോലും വിശ്വസിക്കാം, പക്ഷേ ബി.ജെ.പിയെ വിശ്വസിക്കരുതെന്നും അവർ പറഞ്ഞു. അസമിൽ പയറ്റിയ അതേ തന്ത്രം പശ്ചിമ ബംഗാളിലും നടപ്പിലാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പൊലീസ്-ഭരണ ഉദ്യോഗസ്ഥരെ കേന്ദ്രം ഇടപെട്ട് കൂട്ടത്തോടെ മാറ്റിയത്. ബംഗാളിൽ പുറത്തുനിന്നുള്ള ആളുകളെയും പണവും മയക്കുമരുന്നും ബി.ജെ.പി എത്തിക്കുന്നുണ്ടെങ്കിലും തൃണമൂൽ പ്രവർത്തകർ ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വോട്ടർ പട്ടിക പുതുക്കുന്നതിന്റെ മറവിൽ ബംഗാളിൽ 90 ലക്ഷം പേരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.
ഇതിൽ 60 ലക്ഷം ഹിന്ദുക്കളും 30 ലക്ഷം മുസ്‍ലിംഗളുമാണ്. അസമിലെ എൻ.ആർ.സി പട്ടികയിൽ നിന്ന് പുറത്തായ 19 ലക്ഷം പേരിൽ 13 ലക്ഷവും ഹിന്ദുക്കളായിരുന്നു എന്നത് ബി.ജെ.പിയെ വിശ്വസിക്കാൻ കൊള്ളില്ല എന്നതിന്റെ തെളിവാണ്. ബി.ജെ.പി അധികാരത്തിൽ വന്നാൽ ബംഗാളിന്റെ ഭക്ഷണശീലങ്ങളിൽ നിയന്ത്രണം കൊണ്ടുവരും. ബീഹാറിൽ മത്സ്യം കഴിക്കാൻ പോലും അനുവാദമില്ലാത്തതിനാൽ അത് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ ക്രൂരമായ അതിക്രമങ്ങൾ നേരിടുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികളിൽ 'സോനാർ ബംഗ്ലാ' വാഗ്ദാനം ചെയ്യുന്നത് പരിഹാസ്യമാണെന്നും മമത പറഞ്ഞു. സംസ്ഥാനത്തെ 294 സീറ്റുകളിലും താനാണ് തൃണമൂൽ സ്ഥാനാർത്ഥിയെന്ന് കരുതി വോട്ട് രേഖപ്പെടുത്തണമെന്നും തൃണമൂൽ സർക്കാർ അധികാരത്തിൽ തിരിച്ചെത്തുമെന്നും മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

