ബിഹാറിൽ ചൂടുപിടിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയം; പ്രധാനമന്ത്രിയുടെ മാതാവിനെ അപമാനിച്ചുവെന്ന് ബി.ജെ.പി, രാഷ്ട്രീയം പറയണമെന്ന് ആർ.ജെ.ഡി
text_fieldsപട്ന: ബിഹാർ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ മാതാവിനെ ആർ.ജെ.ഡി അപമാനിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി. ‘ബിഹാർ അധികാർ യാത്ര’ക്കിടെ ആർ.ജെ.ഡി പ്രവർത്തകൾ മോദിയുടെ പരേതയായ അമ്മയെ അധിക്ഷേപിച്ചുവെന്നും ഇത് തേജസ്വി യാദവ് പ്രോത്സാഹിപ്പിച്ചുവെന്നും ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി ആരോപിച്ചു.
നേരത്തെ ദര്‍ഭംഗയില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്കിടെ പ്രവർത്തകൻ മോദിയുടെ അമ്മക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന് നേരത്തെ ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.
‘മോദി ജിയുടെ പരേതയായ അമ്മയെ തേജസ്വി യാദവ് വീണ്ടും അപമാനിച്ചു. അദ്ദേഹം വീണ്ടും ബീഹാറിന്റെ സംസ്കാരത്തെ തകർത്തു. റാലിയിൽ, ആർ.ജെ.ഡി പ്രവർത്തകർ കഴിയുന്നത്ര അധിക്ഷേപങ്ങൾ നടത്തി, തേജസ്വി അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഈ ഗുണ്ടാ മാനസികാവസ്ഥയ്ക്കും അധിക്ഷേപകരമായ പെരുമാറ്റത്തിനും ബീഹാറിലെ അമ്മമാരും സഹോദരിമാരും തീർച്ചയായും അദ്ദേഹത്തോട് ഉത്തരവാദിത്വമാവശ്യപ്പെടും,’ ബിഹാർ അധികാർ യാത്രയിലേതെന്ന് പറയപ്പെടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സിൽ സാമ്രാട്ട് ചൗധരി കുറിച്ചു. ‘ഇത് അങ്ങേയറ്റം ദൗർഭാഗ്യകരവും ജനാധിപത്യത്തെ അപമാനിക്കലുമാണ്. ബീഹാറിലെ ജനങ്ങൾ ഈ വൃത്തികെട്ട രാഷ്ട്രീയത്തെ നന്നായി മനസ്സിലാക്കുന്നു, ജനാധിപത്യ രീതിയിൽ പ്രതികരിക്കും,’- ചൗധരി കൂട്ടിച്ചേർത്തു.
അതേസമയം, ആരോപണം തള്ളിയ ആർ.ജെ.ഡി, വീഡിയോ കൃത്രിമമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ അപമാനിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും തിരിച്ചടിച്ചു.
ശനിയാഴ്ച രാത്രിയാണ് ആർ.ജെ.ഡിക്കെതിരായ ആരോപണത്തിന് ആധാരമായ വീഡിയോ ബി.ജെ.പിയുടെ ബിഹാര്‍ ഘടകം സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്. ആർ.ജെ.ഡി വേദിയില്‍ തേജസ്വി യാദവ് ആള്‍ക്കൂട്ടത്തോട് സംസാരിക്കുന്നതിനിടെ, ഒരാള്‍ മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്നതാണ് വീഡിയോയിലുള്ളത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട വീഡിയോയുടെ ആധികാരികത വിവിധ സ്രോതസുകൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
സമാനമായ ആരോപണമുന്നയിച്ച് മറ്റൊരു ഉപമുഖ്യമന്ത്രിയായ വിജയ് കുമാർ സിൻഹയും എക്സിൽ രംഗത്തെത്തിയിട്ടുണ്ട്. ‘തേജസ്വി യാദവിന്റെ യാത്രയ്ക്കിടെ പ്രധാനമന്ത്രി മോദിയുടെ അന്തരിച്ച അമ്മക്കെതിരെ വീണ്ടും അധിക്ഷേപങ്ങൾ ഉയർന്നു... അത് പ്രോത്സാഹിപ്പിച്ച് ആർ.ജെ.ഡി നേതാവ് തന്റെ പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കുകയായിരുന്നു... ഇത് ഞെട്ടിപ്പിക്കുന്നതാണ്... ഇത് അവരുടെ മാനസികാവസ്ഥയെ കാണിക്കുന്നു.’
വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ ബ്ലോക്കിനെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്ന തേജസ്വി യാദവ് സെപ്റ്റംബർ 16ന് ജെഹനാബാദിൽ നിന്നാണ് ‘ബീഹാർ അധികാർ യാത്ര’ ആരംഭിച്ചത്. സെപ്റ്റംബർ 20ന് വൈശാലിയിൽ സമാപിച്ച യാത്രയുടെ ആദ്യ ഘട്ടത്തിൽ, ജെ.ഡി.യു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ സ്വന്തം ജില്ലയായ നളന്ദ, ബി.ജെ.പി നേതാവ് ഗിരിരാജ് സിങ്ങിന്റെ മണ്ഡലമായ ബെഗുസാരായി എന്നിവയുൾപ്പെടെ എൻ.ഡി.എ ശക്തികേന്ദ്രങ്ങളിലൂടെയായിരുന്നു യാത്ര കടന്നുപോയത്.
അതേസമയം, മിക്ക മണ്ഡലങ്ങളിലും യാത്രക്ക് ലഭിക്കുന്ന ഊഷ്മളമായ സ്വീകരണവും കൂടുതൽ ആളുകൾ ഒഴുകിയെത്തുന്നതും ബി.ജെ.പിയെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്ന് ആർ.ജെ.ഡി പ്രതികരിച്ചു. രാഷ്ട്രീയം പറയാനില്ലാത്തതുകൊണ്ട് വൈകാരികത ഉന്നയിച്ച് ജനത്തെ അസ്വസ്ഥമാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ആർ.ജെ.ഡി നേതൃത്വം വ്യക്തമാക്കി. റാലിക്കിടെ മോദിയുടെ അമ്മയ്‌ക്കെതിരേ ആർ.ജെ.ഡി പ്രവര്‍ത്തകരോ മറ്റാരെങ്കിലുമോ അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി എം.എൽ.എ ഡോ. മുകേഷ് റൗഷന്‍ പറഞ്ഞു. ആർ.ജെ.ഡിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായി ബി.ജെ.പി വീഡിയോയില്‍ കൃത്രിമത്വം കാണിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

