Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലാഘട്ടിലെ രാഹുൽ ഗാന്ധിയുടെ സന്ദർശനം വെറും നാടകം; നക്സലിസം തഴച്ചുവളർന്നത് കോൺഗ്രസ് ഭരണത്തിലെന്നും ബി.ജെ.പി വിമർശനം

text_fields
bookmark_border
Leader of Opposition Rahul Gandhi interacting with tribal families in Jagla village, Balaghat district.
cancel

ഭോപ്പാൽ: മധ്യപ്രദേശിലെ ബാലാഘട്ടിൽ പകർച്ചവ്യാധികളും പോഷകാഹാരക്കുറവും മൂലം നാൽപ്പതിലധികം ഗോത്രവർഗ കുട്ടികൾ മരണപ്പെട്ട മേഖലകളിൽ സന്ദർശനം നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ രാഷ്ട്രീയ പ്രത്യാക്രമണവുമായി ഭരണകക്ഷിയായ ബി.ജെ.പി. ബാലാഘട്ടിലെ ബിർസ ബ്ലോക്കിലുള്ള ജഗ്‌ല ഗ്രാമത്തിലെത്തി മരിച്ച കുട്ടികളുടെ കുടുംബങ്ങളെ രാഹുൽ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ്, മേഖലയിലെ കോൺഗ്രസിന്റെ മുൻകാല നക്സൽ പശ്ചാത്തലം ഓർമിപ്പിച്ച് ബി.ജെ.പി നേതൃത്വം രംഗത്തെത്തിയത്.

ബാലാഘട്ടിലും സമീപ ജില്ലകളിലും ആരുടെ ഭരണകാലത്താണ് നക്സലിസം തഴച്ചുവളർന്നതെന്ന് രാഹുൽ വ്യക്തമാക്കണമെന്ന് മധ്യപ്രദേശ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഹേമന്ത് ഖണ്ഡേൽവാൾ ആവശ്യപ്പെട്ടു. 1999-ൽ ദിഗ്‌വിജയ സിംഗ് മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ലിഖിറാം കാവ്റെയെ മാവോയിസ്റ്റുകൾ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. 'സ്വന്തം പാർട്ടിയുടെ മന്ത്രി ക്രൂരമായി വധിക്കപ്പെട്ടിട്ട് രാഹുൽ ഗാന്ധി എത്ര തവണ അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിച്ചിട്ടുണ്ട്? കോൺഗ്രസിന് വേരോടെ പിഴുതെറിയാൻ കഴിയാത്ത നക്സലിസത്തെ അമിത് ഷായുടെ മാർഗനിർദേശത്തിൽ മോഹൻ യാദവ് സർക്കാരാണ് 2025 അവസാനത്തോടെ ഇവിടെനിന്ന് പൂർണമായും തുടച്ചുനീക്കിയത്,' ഖണ്ഡേൽവാൾ പറഞ്ഞു.

സന്ദർശനം വെറും രാഷ്ട്രീയ നാടകം: ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല

രാഹുൽ ഗാന്ധിയുടെ സന്ദർശനം കേവലം നാടകമാണെന്നും യു.പി.എ ഭരണകാലത്ത് പശുപതിനാഥ് മുതൽ തിരുപ്പതി വരെ 'റെഡ് കോറിഡോർ' പണിയാൻ ഇടത് തീവ്രവാദികൾക്ക് അവസരമൊരുക്കിയത് കോൺഗ്രസാണെന്നും സംസ്ഥാന ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ല കുറ്റപ്പെടുത്തി. തീവ്രവാദ ഭീഷണി ഒഴിഞ്ഞതോടെ മേഖലയിൽ റോഡുകൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ടെലികോം ശൃംഖലകൾ എന്നിവ ബി.ജെ.പി സർക്കാരാണ് വികസിപ്പിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, കഴിഞ്ഞ നാല് മാസത്തിനിടെ ബാലാഘട്ടിലെ ബിർസ, ബൈഹാർ ബ്ലോക്കുകളിൽ 43-ലധികം ഗോത്രവർഗ കുട്ടികൾ ചികിത്സ കിട്ടാതെ മരിച്ചുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അഞ്ചാംപനി, മലേറിയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, നിർജ്ജലീകരണം, പോഷകാഹാരക്കുറവ്, വിളർച്ച എന്നിവയാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു. ബി.ജെ.പി ഇരട്ട എഞ്ചിൻ സർക്കാരുകൾ ആദിവാസി ജനവിഭാഗങ്ങളെ പൂർണമായും കൈയൊഴിഞ്ഞുവെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, 50 കിടക്കകൾ മാത്രമുള്ള പ്രാദേശിക ആശുപത്രിയിൽ 400-ലധികം കുട്ടികളെ തിക്കിനിറച്ച് ചികിത്സിക്കുന്നുവെന്ന ഹരജിയിൽ മധ്യപ്രദേശ് ഹൈകോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP Slams Rahul Gandhi Over Balaghat Visit; Questions Congress’s Record on Naxalism
Next Story