ഇന്ത്യയിലുടനീളം കലാപങ്ങളുണ്ടാക്കാൻ ബി.ജെ.പി ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത്
text_fieldsമുംബൈ: ബി.ജെ.പി രാജ്യത്ത് കലാപങ്ങൾക്ക് പദ്ധതിയിടുകയും സ്പോൺസർ ചെയ്യുകയും ചെയ്യുന്നുവെന്നും ഇന്ത്യയിലുടനീളം കലാപങ്ങൾക്ക് തുടക്കമിടാൻ ഒരു വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എം.പി സഞ്ജയ് റാവത്ത്. 2024ലെ തെരഞ്ഞെടുപ്പ് വരെ രാജ്യത്ത് കലാപം ഉണ്ടാക്കാനും കലാപത്തിന്റെ മറവിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അദാനി വിഷയം ശിവസേന (യു.ബി.ടി) ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ആരാണ് കലാപകാരികൾ എന്നും രാജ്യത്ത് നടക്കുന്ന കലാപങ്ങൾക്ക് പിന്നിൽ ആരാണെന്നും എല്ലാവർക്കും അറിയാം. ഹൂബ്ലിയിൽ കഴിഞ്ഞ ദിവസം നടന്ന കലാപം ആരാണ് ആസൂത്രണം ചെയ്തത്?. ഹൗറയിലെ കലാപം ആരാണ് ഉണ്ടാക്കിയത്?. ആരാണ് മഹാരാഷ്ട്രയിൽ കലാപം ഉണ്ടാക്കിയത്. ഭാരതീയ ജനതാ പാർട്ടി പുതിയൊരു വിഭാഗം രൂപീകരിച്ചു. ഈ ചിറകിലൂടെയാണ് കലാപങ്ങൾ സൃഷ്ടിക്കപ്പെട്ടത്. 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടുകയും പിന്നീട് തെരഞ്ഞെടുപ്പിനെ നേരിടുകയോ മാറ്റിവെക്കുകയോ ചെയ്യുക എന്നതാണ് അവരുടെ നയമെന്ന് തോന്നുന്നു" -അദ്ദേഹം പറഞ്ഞു.
ബംഗാളിലെ ആക്രമണങ്ങൾ ബി.ജെ.പി സ്പോൺസർ ചെയ്തതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നേടുക മാത്രമാണ് അവരുടെ ലക്ഷ്യം. ചില സീറ്റുകൾ ലക്ഷ്യം വച്ചിട്ടുണ്ട്. രാമനവമി അക്രമത്തിന് കാരണമാകുമോ? എന്നാൽ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതോ ബി.ജെ.പി സർക്കാർ ഇല്ലാത്തതോ ആയ സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത് നടക്കുന്നത്. മഹാരാഷ്ട്രയിൽ ഷിൻഡേ-ബി.ജെ.പി സർക്കാർ വളരെ ദുർബലമാണ്. അതു കൊണ്ടാണ് ഇവിടെ കലാപം പടച്ചുവിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ നിന്നു പുറത്താക്കപ്പെടുമെന്ന ഭയമാണ് ഇതിന് കാരണമെന്നും സഞ്ജയ് റാവത് ആരോപിച്ചു. ബി.ജെ.പി തെരഞ്ഞെടുപ്പ് പാരാജയം ഭയക്കുന്നിടങ്ങളിലും ബി.ജെ.പി സർക്കാർ പ്രതിസന്ധിയിലാവുന്നിടത്തും സംഘർഷങ്ങൾ ഉണ്ടാവുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവാദത്തിൽ പരിഹാസവുമായി സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു."ചിലർ പ്രധാനമന്ത്രിയുടെ ബിരുദം വ്യാജമാണെന്ന് പറയുന്നു. എന്റയർ പൊളിറ്റിക്കൽ സയൻസിലെ അദ്ദേഹത്തിന്‍റെ ബിരുദം ചരിത്രപരവും വിപ്ലവകരവുമാണെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു!. അതിനാൽ ഇത് നമ്മുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വലിയ കവാടത്തിൽ പ്രദർശിപ്പിക്കണം. അതിലൂടെ ആളുകൾ അതിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നത് അവസാനിക്കും!" -സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

