തമിഴ്നാട്ടിൽ ബി.ജെ.പിക്ക് ഒറ്റ സീറ്റ്
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയ ബി.ജെ.പി 27 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഊട്ടിയിൽ മാത്രമായി ജയമൊതുങ്ങി. പാർട്ടി സ്ഥാനാർഥി എം.ഭോജരാജനാണ്, ടി.വി.കെയുടെ ആർ.ഇബ്രാഹിമിനെ 976 വോട്ടുകളുടെ നേരിയ വ്യത്യാസത്തിൽ തോൽപിച്ചത്. 2021ൽ ബി.ജെ.പി നാല് സീറ്റുകൾ നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഉൾപ്പെടെ വൻ താരപ്രചാരകർ എത്തിയിട്ടും പാർട്ടി പിന്നാക്കം പോയി.
സംവരണ മണ്ഡലമായ കോയമ്പത്തൂർ ജില്ലയിലെ അവിനാശിയിൽ മത്സരിച്ച കേന്ദ്ര മന്ത്രി എൽ.മുരുകൻ ടി.വി.കെയുടെ എസ്.കമാലിയോട് 15,373 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ടു. അണ്ണാ ഡി.എം.കെ കോട്ടയായി അറിയപ്പെടുന്ന അവിനാശി ബി.ജെ.പി ചോദിച്ചുവാങ്ങിയതാണ്.
കഴിഞ്ഞ തവണ കോയമ്പത്തൂർ സൗത്തിൽ കമൽഹാസനെ പരാജയപ്പെടുത്തിയ ദേശീയ മഹിള മോർച്ച അധ്യക്ഷ വാനതി ശ്രീനിവാസൻ നോർത്തിലേക്ക് മാറിയെങ്കിലും ടി.വി.കെയുടെ വി. സമ്പത്ത് കുമാറിനോട് പരാജയപ്പെട്ടു. സാത്തൂരിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനും തോറ്റവരിൽ ഉൾപ്പെടുന്നു. 19 മണ്ഡലങ്ങളിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൈലാപ്പൂരിൽ മുൻ ഗവർണറും മുതിർന്ന നേതാവുമായ തമിഴിസൈ സൗന്ദരരാജനും മൂന്നാമതായി. 2006, 2011, 2016 വർഷങ്ങളിൽ ബി.ജെ.പിക്ക് സീറ്റൊന്നുമുണ്ടായിരുന്നില്ല.
2001ൽ ഡി.എം.കെ സഖ്യത്തിലായിരിക്കെ നാല് സീറ്റുകൾ നേടിയിരുന്നു. അണ്ണാ ഡി.എം.കെയുമായി ഉരസിയ കെ.അണ്ണാമലൈയെ മാറ്റി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ഫലമുണ്ടായില്ല എന്നു മാത്രമല്ല, ഈ മാറ്റം സംസ്ഥാനത്ത് പാർട്ടി അണികളിൽ അസംതൃപ്തി സൃഷ്ടിക്കുകയും ചെയ്തു. നിലവിൽ തമിഴ്നാട് ബി.ജെ.പിയിൽ കടുത്ത ഗ്രൂപ്പിസമാണ്.
നന്ദി പറയാൻ സ്റ്റാലിന്റെ റോഡ്ഷോ, കണ്ണീരോടെ വരവേറ്റ് പ്രവർത്തകർ
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സ്വന്തം തട്ടകമായ കൊളത്തൂരിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ റോഡ്ഷോ. വോട്ട് ചെയ്തവരോട് നന്ദി പറയാനാണ് ചൊവ്വാഴ്ച വൈകീട്ട് സ്റ്റാലിൻ തുറന്ന ജീപ്പിൽ റോഡ്ഷോ നടത്തിയത്. ജീപ്പിനൊപ്പം ആവേശഭരിതരായി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ കണ്ണീരോടെയാണ് നടന്നുനീങ്ങിയത്. സ്റ്റാലിനൊപ്പം ഉണ്ടായിരുന്ന ദേവസ്വം മന്ത്രി പി.കെ. ശേഖർബാബു തേങ്ങിക്കരയുന്നതും കാണാമായിരുന്നു. റോഡിനിരുവശത്തും നിന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ സ്റ്റാലിൻ അഭിവാദ്യം ചെയ്തു. മിക്കവരും കണ്ണീരോടെയാണ് പ്രത്യഭിവാദ്യം ചെയ്തത്. പലരെയും കരയരുതെന്നുപറഞ്ഞ് സ്റ്റാലിൻ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
2011, 2016, 2021 വർഷങ്ങളിൽ ഹാട്രിക് വിജയം നേടിയ സ്റ്റാലിൻ നാലാമൂഴത്തിലാണ് ടി.വി.കെ സ്ഥാനാർഥി വി.എസ്. ബാബുവിനോട് ഒമ്പതിനായിരത്തോളം വോട്ടുകൾക്ക് പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

