കോൺഗ്രസ് പ്രക്ഷോഭങ്ങൾകൊണ്ട് ബി.ജെ.പിക്ക് തീരുമാനങ്ങൾ മാറ്റേണ്ടി വന്നിട്ടുണ്ട് -ഖാർഗെ
text_fieldsന്യൂഡൽഹി: രാജ്യവ്യാപകമായി മുമ്പ് കോൺഗ്രസ് നടത്തിയ പ്രക്ഷോഭങ്ങൾക്ക് ബി.ജെ.പിയെ അതിന്‍റെ തീരുമാനങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഓർമിപ്പിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പിനായുള്ള പ്രക്ഷോഭത്തിൽഅണി ചേരാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർട്ടി അണികളോട് ആഹ്വാനം ചെയ്തു. കോൺഗ്രസ് പ്രവർത്തക സമിതിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമം റദ്ദാക്കിയത് മാഹാത്മാഗാന്ധിയോടുള്ള അവഹേളനവും പാവപ്പെട്ടവരുടെ വയറ്റത്തടിയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മോദി സർക്കാർ പാവപ്പെട്ടവരെ പിന്നിൽനിന്ന് കുത്തുകയാണ് ചെയ്തിരിക്കുന്നത്. ജോലിക്കുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ആരോഗ്യത്തിനുള്ള അവകാശം എന്നിങ്ങനെയുള്ള നടപടികൾ മുൻ യു.പി.എ സർക്കാർ എടുത്തത് ഭരണഘടനയുടെ നിർദേശക തത്ത്വങ്ങളുടെ 41ാം വകുപ്പിന് കീഴിൽ വിഭാവനം ചെയ്തിട്ടുള്ള അവകാശങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ തത്ത്വങ്ങൾ ഇപ്പോൾ ലംഘിക്കുകയാണ്. തൊഴിൽ ചെയ്യാനുള്ള അവകാശത്തിനു മേലാണ് മോദി സർക്കാർ കത്തിവെച്ചിരിക്കുന്നത്. പാവപ്പെട്ടവരുടെ കാര്യത്തിലല്ല, വൻകിട മുതലാളിമാരുടെ ലാഭത്തിലാണ് മോദി സർക്കാറിന്‍റെ ശ്രദ്ധയെന്ന് ഖർഗെ കുറ്റപ്പെടുത്തി.
ദേശവ്യാപകമായി, മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമത്തിനായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ ക്രിയാത്മകമായ പദ്ധതി ആവിഷ്കരിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരെ ഓർമിപ്പിച്ചു.
ഈ പോരാട്ടം വിജയിക്കുമെന്നും, ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ കോൺഗ്രസിലേക്കാണ് പ്രതീക്ഷയോടെ നോക്കുകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപക പ്രക്ഷോഭമാണ് ഏക മാർഗം. മോദി സർക്കാർ കോർപറേറ്റുകളുടെ താൽപര്യത്തിനായി 2015ൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയതോടെ സർക്കാർ പിന്തിരിയുകയാണ് ചെയ്തത്. അതുതന്നെയാണ് കാർഷിക നിയമങ്ങൾക്കും സംഭവിച്ചത്. കോവിഡ് ലോക്‌ഡൗൺ വേളയിൽ കൊണ്ടുവന്ന നിയമത്തിനെതിരെ പാർലമെന്‍റിന്‍റെ അകത്തും പുറത്തും പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിച്ചു. പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്.
പ്രതിഷേധത്തിൽ പങ്കെടുത്ത 700ൽ ഏറെ കർഷകർക്ക് ജീവത്യാഗം ചെയ്യേണ്ടി വന്നു. ഒടുവിൽ കർഷകരോട് ക്ഷമാപണം നടത്തി ആ കിരാത നിയമങ്ങൾ പ്രധാനമന്ത്രിക്ക് പിൻവലിക്കേണ്ടി വന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

