‘ബി.ജെ.പി വീണ്ടും പഞ്ചാബികളെ വഞ്ചിച്ചിരിക്കുന്നു’; എം.പിമാർ എ.എ.പി വിട്ടതിൽ പ്രതികരണവുമായി അരവിന്ദ് കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ ഏഴ് രാജ്യസഭ എം.പിമാർ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേരുമെന്ന പ്രഖ്യാപനത്തിൽ പ്രതികരണവുമായി എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഏഴ് രാജ്യസഭ എം.പിമാർ പാർട്ടി വിട്ടതോടെ ബി.ജെ.പി പഞ്ചാബിലെ ജനങ്ങളെ വീണ്ടും വഞ്ചിച്ചുവെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
‘ബി.ജെ.പി വീണ്ടും പഞ്ചാബികളെ വഞ്ചിച്ചിരിക്കുന്നു’ -കെജ്രിവാൾ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. പഞ്ചാബിൽ നിന്നുള്ള എം.പിമാർ കൂട്ടത്തോടെ ഭാരതീയ ജനതാ പാർട്ടിയിലേക്ക് കൂറുമാറിയത് ആം ആദ്മി പാർട്ടിക്ക് കനത്ത രാഷ്ട്രീയ തിരിച്ചടിയായിരുന്നു.
രാജ്യസഭയിലെ ആകെ 10 എ.എ.പി എം.പിമാരിൽ ഏഴുപേർ ബി.ജെ.പിയിൽ ലയിക്കാൻ തീരുമാനിച്ചുവെന്നാണ് വിവരം. രാഘവ് ഛദ്ദ, സന്ദീപ് പഥക്, രജീന്ദർ ഗുപ്ത, വിക്രംജിത് സിങ് സാഹ്നി, അശോക് മിത്തൽ, സ്വാതി മാലിവാൾ, ഹർഭജൻ സിങ് എന്നിവരാണ് എ.എ.പി വിട്ട് ബി.ജെ.പി പാളയത്തിലേക്ക് പോകുന്നത്. നേരത്തേ, രാജ്യസഭയിലെ എ.എ.പിയുടെ ഉപനേതാവ് സ്ഥാനത്തുനിന്ന് രാഘവ് ചദ്ദയെ മാറ്റിയിരുന്നു. പകരം ഡോ. അശോക് മിത്തലിനെ പുതിയ ഉപനേതാവായി നിയമിക്കുകയും ചെയ്തിരുന്നു. രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്ന് ആം ആദ്മി പാർട്ടിയുമായി രാഘവ് ചദ്ദ ഇടഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചദ്ദ എ.എ.പി വിട്ടത്.
പഞ്ചാബ് സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് ‘ഓപ്പറേഷൻ ലോട്ടസ്’ ആസൂത്രണം ചെയ്തതായി മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് പ്രതികരിച്ചിരുന്നു. പാർട്ടി വിട്ട രാഘവ് ചദ്ദയെയും മറ്റ് പാർട്ടി എം.പിമാരെയും അദ്ദേഹം വിമർശിച്ചു. ‘ഈ ഏഴ് പേർ പഞ്ചാബിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തി’ എന്ന് അദ്ദേഹം ആരോപിച്ചു. പഞ്ചാബിലെ ജനങ്ങൾ തങ്ങളെ വഞ്ചിച്ചവരോട് ഒരിക്കലും ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

