ബി.ജെ.പി സർക്കാറുകൾ പ്രതിക്കൂട്ടിൽ
text_fieldsന്യൂഡൽഹി: ആത്മീയതയുടെ മറവിൽ അധോലോക സംഘമായി പ്രവർത്തിക്കുന്ന ദേര സച്ചാ സൗദക്കും അതിനെ നയിക്കുന്ന ഗുർമീത് റാം റഹീം സിങ്ങിനും വഴിവിട്ട ഒത്താശകൾ നൽകുന്ന ബി.ജെ.പി സർക്കാറുകൾ കോടതിവിധിയോടെ പ്രതിക്കൂട്ടിലായി.
ദേര സച്ചാ സൗദ നേതാവിെൻറ അധോലോക പ്രവർത്തനങ്ങൾ നേരത്തേതന്നെ പലവട്ടം പുറത്തുവന്നതാണ്. എന്നാൽ, വോട്ടുബാങ്ക് മുൻനിർത്തി അധികാരത്തിെൻറ തണൽ നൽകി സംരക്ഷിക്കുകയാണ് ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും മറ്റും സർക്കാറുകൾ ചെയ്തുപോന്നത്. കേന്ദ്ര സർക്കാറിനെതിരെയും ഇക്കാര്യത്തിൽ ആരോപണമുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർക്ക് ആൾദൈവവുമായി ബന്ധമുണ്ട്.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ ആളുകൾ പഞ്ച്കുള കോടതി പരിസരത്തും മറ്റുമായി കൂട്ടം കൂടുന്നത് തടയാൻ ഹരിയാന സർക്കാർ വേണ്ടത്ര മുൻകരുതൽ നടപടി സ്വീകരിക്കാതിരുന്നതിനെ കോടതി ചോദ്യംചെയ്തിട്ടുണ്ട്.
ബി.ജെ.പി സർക്കാർ മതിയായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ അക്രമസംഭവങ്ങളും മരണങ്ങളും ഒഴിവാക്കാമായിരുന്നു. ആൾദൈവത്തിെൻറ അനുയായികൾ അഴിഞ്ഞാടുന്നതിനു മുന്നിൽ സംസ്ഥാന സർക്കാർ നോക്കുകുത്തിയായി.
പട്ടാളത്തെ രംഗത്തിറക്കേണ്ടിവന്ന സംഭവങ്ങൾക്കിടയിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഹരിയാന മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി അറിയിെച്ചന്ന് പരസ്യപ്പെടുത്തി മുഖംരക്ഷിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്.
ആൾദൈവങ്ങളും അനുയായികളും പൊതുശല്യമായി മാറി ക്രമസമാധാനം പന്താടുന്നത് ഇതാദ്യമല്ല. ഗുർമീതിനെപ്പോലെ ബലാത്സംഗ കേസിൽ അഴിയെണ്ണുന്ന ആശാറാം ബാപ്പുവിെൻറ അറസ്റ്റും വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. സാക്ഷികളെ ഒന്നൊന്നായി വേട്ടയാടി വകവരുത്തിയ കഥയും അതിന് അനുബന്ധമായി ഉണ്ട്. കോടതി ഇടപെടലുകൾ വഴി മാത്രമാണ് ആൾദൈവങ്ങൾ ചിലരെങ്കിലും ഇതിനകം കുടുങ്ങിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.