കർണാടക തെരഞ്ഞെടുപ്പ്: മോദിയുടെ പരിപാടികൾക്ക് മുൻബി.ജെപി സർക്കാർ ചെലവിട്ടത് 33 കോടി
text_fieldsബംഗളൂരു: കർണാടകയിൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികൾക്കായി അന്നത്തെ ബി.ജെ.പി സർക്കാർ ചെലവഴിച്ചത് 33 കോടിയിലധികം രൂപ. ജനങ്ങളെ സമ്മേളന സ്ഥലത്തെത്തിക്കാൻ 6.5 കോടി രൂപയിലധികം ചെലവാക്കിയതായും രേഖകൾ വ്യക്തമാക്കുന്നു. 'ലാഞ്ചമുക്ത കർണാടക' സംഘടനയിലെ മഞ്ജുനാഥ് ഹിരേചൗതി മൂന്ന് വർഷത്തോളം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് വിവരാവകാശ രേഖകൾ പുറത്തുവന്നത്.
ശിവമൊഗ വിമാനത്താവള ഉദ്ഘാടന ചടങ്ങിന് മാത്രമായി 18.81 കോടി രൂപയാണ് അന്നത്തെ സർക്കാർ ചെലവിട്ടത്. 2023 ഫെബ്രുവരി 27-നായിരുന്നു ശിവമൊഗ്ഗ വിമാനത്താവളത്തിന്റെ ഉദ്ഘാടനം. ഈ ചടങ്ങിൽ വച്ചായിരുന്നു ഇരട്ട എൻജിൻ സർക്കാറിനായി വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രിയുടെ അഭ്യർഥന.
ചടങ്ങിലേക്ക് ആളുകളെ എത്തിക്കാനായി 1800 ബസുകൾ വാടകക്ക് എടുത്ത് ഇനത്തിൽ 4.11 കോടി രൂപയാണ് ചെലവാക്കി. പ്രധാന വേദിക്കും ഗ്രീൻ റൂമിനുമായി ജർമ്മൻ സാങ്കേതികവിദ്യയിലുള്ള വാട്ടർപ്രൂഫ് പന്തൽ, മോഡൽ പ്രസന്റേഷൻ സ്റ്റാളുകൾ, പുഷ്പാലങ്കാരങ്ങൾ എന്നിവയ്ക്കായി 1.8 കോടി രൂപയിലധികം ചെലവിട്ടു.വിമാനയാത്രാ ചിലവുകൾ ലഭ്യമായിട്ടില്ല.
ബെളഗാവിയിലെ പരിപാടികൾക്കായി 14.35 കോടി രൂപ ചിലവഴിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി വാങ്ങിയിരുന്നു. ഇതിൽ 2.5 കോടി രൂപ ആളുകളെ എത്തിക്കാനുള്ള ബസ് വാടകയായിരുന്നു. 2023 മാർച്ച് മാസത്തിൽ കണക്കുകൾ ചോദിച്ച് വിവരാവകാശ രേഖ നൽകിയിരുന്നുവെങ്കിലും 2026 ജനുവരിയിലാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

