ബംഗാൾ നിയമസഭയിൽ യൂനിഫോം സിവിൽകോഡ് ബിൽ അവതരിപ്പിക്കാൻ ബി.ജെ.പി സർക്കാർ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ തിങ്കളാഴ്ച ബജറ്റ് സമ്മേളനത്തിൽ യൂനിഫോം സിവിൽകോഡ് ബിൽ അവതരിപ്പിക്കും. വ്യാഴാഴ്ച വൈകുന്നേരം ചേർന്ന അസംബ്ലിയുടെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, അധികാരമേറ്റ് ആറു മാസത്തിനുള്ളിൽ യൂനിഫോം സിവിൽകോഡ് നടപ്പിലാക്കുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ ‘സങ്കല്പ് പത്ര’ പുറത്തിറക്കുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യം ആവർത്തിച്ചിരുന്നു.
എന്താണ് യൂനിഫോം സിവിൽ കോഡ് ബിൽ?
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ മതം നോക്കാതെ എല്ലാ പൗരന്മാർക്കും ഒരേ നിയമം എന്നതാണ് യൂനിഫോം സിവിൽകോഡ് ബിൽ ലക്ഷ്യമിടുന്നത്. നിലവിലുള്ള മതപരമായ വ്യക്തിനിയമങ്ങൾക്ക് പകരമായി ഇത് വരും. .
ബി.ജെ.പിയുടെ നിലപാട്
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് ഉറപ്പാക്കാനും ദേശീയോദ്ഗ്രഥനം ശക്തിപ്പെടുത്താനും യൂനിഫോം സിവിൽകോഡ് സഹായിക്കുമെന്നാണ് ബി.ജെ.പി വാദിക്കുന്നത്. പാർട്ടി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും എപ്പോഴും മുന്നോട്ട് വെക്കുന്ന പ്രധാന അജണ്ടയാണിത്. അതേസമയം, വ്യക്തിനിയമങ്ങൾ മതസ്വാതന്ത്ര്യവുമായും സമുദായ സ്വത്വവുമായും ബന്ധപ്പെട്ടിരിക്കുന്നതിനാൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഈ നിർദേശത്തെ ശക്തമായി എതിർക്കുന്നു.
യു.സി.സി ബില്ലിന് പുറമെ, പൊതുസ്ഥലങ്ങളിലെ അക്രമം, അഴിഞ്ഞാട്ടം, പൊലീസുകാർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരായ ആക്രമണം എന്നിവ തടയുന്നതിനുള്ള രണ്ട് ബില്ലുകൾ കൂടി തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

