തെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പിക്ക് ചാകര; ലഭിച്ചത് 1473 കോടി; കോൺഗ്രസിനേക്കാൾ ഏഴിരട്ടി
text_fieldsന്യൂഡൽഹി: അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് സംഭാവനയായി ലഭിച്ചത് 1473 കോടി രൂപ. തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച കണക്കുപ്രകാരമാണിത്. ഇതേ കാലയളവിൽ കേന്ദ്ര-സംസ്ഥാന ഘടകങ്ങൾ ഉൾപ്പെടെ കോൺഗ്രസിന് ലഭിച്ചത് 207 കോടി രൂപ മാത്രം. ബി.ജെ.പിക്ക് ലഭിച്ചത് കോൺഗ്രസിന്റേതിനേക്കാൾ ഏഴിരട്ടി.
അസം, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കാലയളവായ മാർച്ച് 15 മുതൽ മേയ് ആറു വരെയുള്ള കണക്കുകളാണിത്. അഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്ര-സംസ്ഥാന ഘടകങ്ങളുടെ സംയോജിത കണക്കുപ്രകാരം കോൺഗ്രസിന് 207.17 കോടി രൂപയുടെ അറ്റവരവും 248.55 കോടി രൂപയുടെ ചെലവുമുണ്ട്. ബി.ജെ.പിയുടെ കേരളത്തിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ, ബി.ജെ.പിയുടെ വരവ് ഇനിയും ഉയരും.
തെരഞ്ഞെടുപ്പ് കാലയളവിന്റെ തുടക്കത്തിൽ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് 6722.6 കോടി രൂപ ഉണ്ടായിരുന്നത് മേയ് ആറിന് 7627.2 കോടി രൂപയായി. അതായത്, 904.6 കോടിയുടെ വർധന. കോൺഗ്രസിന്റെ സാമ്പത്തിക സ്ഥിതിയിൽ ഇതിന് വിപരീതമായ മാറ്റമാണ് ഉണ്ടായത്. കേന്ദ്ര ആസ്ഥാനവും അഞ്ച് സംസ്ഥാന ഘടകങ്ങളും ചേർന്ന് തെരഞ്ഞെടുപ്പ് കാലയളവിന്റെ തുടക്കത്തിൽ 169.06 കോടി രൂപ ഉണ്ടായിരുന്നത് മേയ് ആറിന് 103.2 കോടി രൂപയായി കുറഞ്ഞു. 65.86 കോടി രൂപയുടെ ഇടിവ്.
ഇതുവരെ പുറത്തുവന്ന ബി.ജെ.പിയുടെ കണക്കുപ്രകാരം അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലായി പാർട്ടി ഏകദേശം 159.7 കോടി രൂപ ചെലവിട്ടു. ഇതിൽ 130.4 കോടി രൂപ പൊതുപ്രചാരണത്തിനും ബാക്കി സ്ഥാനാർഥികൾക്കും അനുബന്ധ ചെലവുകൾക്കുമാണ് വിനിയോഗിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലുമായി കോൺഗ്രസ് 143 കോടി രൂപ പൊതുപ്രചാരണത്തിനും 105.55 കോടി രൂപ സ്ഥാനാർഥികൾക്കുമായി ചെലവഴിച്ചു. ആകെ തെരഞ്ഞെടുപ്പ് ചെലവ് 248.55 കോടി രൂപ.
കോൺഗ്രസ് കേന്ദ്ര ആസ്ഥാനം അഞ്ച് സംസ്ഥാനങ്ങളിലായി പൊതുപ്രചാരണത്തിന് 40.52 കോടി രൂപ ചെലവഴിച്ചപ്പോൾ സംസ്ഥാന-പ്രാദേശിക ഘടകങ്ങൾ 102.49 കോടി രൂപകൂടി ചെലവഴിച്ചു. ഇതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ ചെലവ് - 59.28 കോടി രൂപ. അസമിൽ 22.62 കോടി രൂപയാണ് ചെലവഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

