ബി.ജെ.പി തമിഴ്നാട് ജനറൽ സെക്രട്ടറിയെ പുറത്താക്കി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി
text_fieldsകറുപ്പ് എം. മുരുകാനന്ദം
ചെന്നൈ: വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് ബി.ജെ.പി തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി കറുപ്പ് എം. മുരുകാനന്ദത്തെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കി. വിവാഹ വാഗ്ദാനം നൽകി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് പാർട്ടി ഭാരവാഹി കൂടിയായ നേതാവ് പരാതി നൽകിയത്. പാർട്ടിക്ക് ദുഷ്പേരുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുരുകാനന്ദത്തെ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ ചുമതലകളിൽ നിന്ന് നീക്കം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ വ്യക്തമാക്കി.
വിവാഹം കഴിക്കാമെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ശ്രീരംഗത്ത് നിന്ന് മത്സരിക്കാൻ രാഷ്ട്രീയമായി പിന്തുണക്കാമെന്നും മുരുകാനന്ദം വാഗ്ദാനം ചെയ്തിരുന്നതായി പരാതിക്കാരി ആരോപിച്ചു. ശാരീരികവും മാനസികവുമായ പീഡനം, നിർബന്ധിത ഗർഭഛിദ്രം, തനിക്കും കുട്ടികൾക്കുമെതിരെയുള്ള ഭീഷണികൾ തുടങ്ങിയ ആരോപണങ്ങളും വനിതാ നേതാവ് ഉന്നയിച്ചിട്ടുണ്ട്. പൊലീസ് സംരക്ഷണം നൽകണമെന്നും ഇവർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തനിക്കെതിരെ കൃത്രിമമായി നിർമിച്ച (AI-generated) ഫോട്ടോകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പരാതി വ്യാജമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുരുകാനന്ദം ‘എക്സി’ൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ചെയ്തു.
ഔദ്യോഗിക അന്വേഷണമില്ലാതെ തന്നെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയുമായുള്ള തന്റെ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ ബന്ധത്തിൽ ഇതുവരെ യാതൊരു പരാതിക്കും ഇടയാക്കിയിട്ടില്ല. പാർട്ടിയുടെ അച്ചടക്ക സമിതിയുടെ അന്വേഷണമില്ലാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും മുരുകാനന്ദം കുറ്റപ്പെടുത്തി.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാന ചുമതലയുള്ള അരവിന്ദ് മേനോൻ എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച അന്വേഷണത്തിന് ശേഷം ഉചിതമായ നടപടിയുണ്ടാകുമെന്ന് അവർ തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുരുകാനന്ദം പറഞ്ഞു. വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.
നിയമസഭ തെരഞ്ഞെടുപ്പിൽ തഞ്ചാവൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു, മുരുകാനന്ദം. എന്നാൽ, വിജയിക്കാനായില്ല. മുരുകാനന്ദം ഇരുപതോളം ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

