മിയ മുസ്‍ലിംകളുടെ വോട്ട് 10 വർഷത്തേക്ക് വേണ്ടെന്ന് ഹിമന്ത ബിശ്വ ശർമ്മ
text_fieldsന്യൂഡൽഹി: മിയ മുസ്‍ലിംകളുടെ വോട്ട് അടുത്ത 10 വർഷത്തേക്ക് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ. ബാലവിവാഹം ഉൾപ്പടെയുള്ളവയിൽ നിന്ന് മിയ മുസ്‍ലിംകൾ മാറി നിൽക്കുന്നത് വരെ ബി.ജെ.പിക്ക് വോട്ട് വേണ്ടെന്നാണ് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരിക്കുന്നത്.
മിയ വിഭാഗത്തിന് തന്നെ പിന്തുണക്കാം. ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും സിന്ദാബാദ് വിളിക്കാം. കാവി ബ്രിഗേഡിനെ അവർക്ക് പിന്തുണക്കുകയും ചെയ്യാം. വോട്ട് ചെയ്യാതെ തന്നെ ഇതെല്ലാം തുടർന്നും ചെയ്യാമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ജനങ്ങളുടെ ക്ഷേമത്തിനായാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. അതുകൊണ്ട് അവർക്ക് ഞങ്ങളെ പിന്തുണക്കാം. നരേന്ദ്ര മോദിക്കും ഹിമന്ത ബിശ്വ ശർമ്മക്കും ജയ് വിളിക്കാം. എന്നാൽ, തെരഞ്ഞെടുപ്പ് വരുമ്പോൾ വോട്ട് ചെയ്യരുതെന്ന് അവരോട് അഭ്യർഥിക്കും. കുടുംബാസൂത്രണം പിന്തുടരാൻ തുടങ്ങുമ്പോഴും ബാലവിവാഹത്തിൽ നിന്നും മൗലികവാദത്തിൽ നിന്നും വിട്ടുനിൽക്കുമ്പോൾ മാത്രം അവർ തങ്ങൾക്ക് വോട്ട് ചെയ്താൽ മതിയെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഇതെല്ലാം നടക്കണമെങ്കിൽ 10 വർഷം സമയമെടുക്കും. അതുകൊണ്ടാണ് 10 വർഷത്തേക്ക് വോട്ട് ചെയ്യരുതെന്ന് അഭ്യർഥിച്ചത്. തനിക്കും ബി.ജെ.പിക്കും വോട്ട് ചെയ്യുന്നവർക്ക് മൂന്ന് കുട്ടികളിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല. അവരുടെ പെൺകുട്ടികളെ സ്കൂളിലേക്ക് അയക്കണം. ബാലവിവാഹവും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നിബന്ധനകളെല്ലാം പാലിക്കുമ്പോൾ നിങ്ങളിൽ നിന്നും താൻ വോട്ട് തേടാൻ എത്തുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അതേസമയം, മിയ മുസ്‍ലിംകൾക്കുള്ള സ്കൂളുകളുടെ കുറവ് ചൂണ്ടിക്കാട്ടിയപ്പോൾ എവിടെ സ്കൂൾ തുടങ്ങാനും സർക്കാർ തയാറാണെന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

