ന്യൂഡൽഹി: ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലയിൽ കേന്ദ്രസർക്കാർ കർഷകരുടെ കൂടെയല്ലെന്ന് വ്യക്തമായതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർഷകരെ ഭീഷണിപ്പെടുത്തി കൊണ്ടുള്ള സഹമന്ത്രി അജയ് മിശ്രയുടെ പ്രസംഗത്തിനെതിരെ സർക്കാർ നടപടിയെടുത്തില്ല. കർഷകർക്കൊപ്പം നിൽക്കുന്നതിന് പകരം സർക്കാർ മന്ത്രിയെ സംരക്ഷിക്കുയാണെന്നും പ്രിയങ്ക ആരോപിച്ചു.
ഇരയാക്കപ്പെട്ട കർഷകരുടെ കുടുംബത്തോടൊപ്പെം നീതിക്കായുള്ള പോരാട്ടം തുടരും- പ്രിയങ്ക ട്വീറ്റ് ചെയ്തു.
രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്നവർ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തരുതെന്ന് അലഹബാദ് ഹൈകോടതി വ്യക്തമാക്കിയതാണ്. ഇതിന് തൊട്ടുപിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. ലഖിംപൂർ ഖേരി കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
സുപ്രീം കോടതി ജാമ്യം റദ്ദാക്കിയ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ കോടതി മെയ് 25ന് പരിഗണിക്കും. കഴിഞ്ഞ വർഷം ഒക്‌ടോബർ മൂന്നിന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനിടെയാണ് ലഖിംപൂർ ഖേരിയിൽ കർഷകർക്ക് നേരെ കാർ കയറ്റിയത്. ആക്രമത്തിൽ ഒരു മാധ്യമ പ്രവർത്തകനുൾപ്പടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.