'ഇസ്‌ലാം ഏറ്റവും ശ്രേഷ്ഠമായ മതം, മക്ക സന്ദർശിച്ച് ഹജ്ജ് കർമ്മം നിർവഹിക്കാൻ ആഗ്രഹമുണ്ട് '; കർണാടക മന്ത്രിയുടെ പ്രസ്താവനയിൽ രാജി ആവശ്യപ്പെട്ട് ബിജെപി
text_fieldsബംഗളൂരു: കർണാടക സർക്കാരിലെ മുതിർന്ന മന്ത്രിയും കോൺഗ്രസ് നേതാവുമായ ബസവരാജ് രായറെഡ്ഡി നടത്തിയ പരാമർശങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. മറ്റ് മതങ്ങളെ അപേക്ഷിച്ച് ഇസ്‌ലാം ഏറ്റവും ശ്രേഷ്ഠമായ മതമാണെന്ന് അദ്ദേഹം നടത്തിയ പ്രസ്താവനയാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. കുക്നൂരിൽ മുസ്ലീം സമൂഹം സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങിൽ സംസാരിക്കവെയാണ് രായറെഡ്ഡി ഈ അഭിപ്രായപ്രകടനം നടത്തിയത്. ഒരു തവണയെങ്കിലും മക്ക സന്ദർശിച്ച് ഹജ്ജ് കർമ്മം നിർവഹിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ അതിന് ഇസ്‌ലാം മതം സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
ഇസ്‌ലാം മാനവികത നിറഞ്ഞതാണെന്നും എന്നാൽ അതിനെക്കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖുറാനും മറ്റ് മതഗ്രന്ഥങ്ങളും താൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, മതങ്ങൾ മനുഷ്യന്റെ നന്മക്ക് വേണ്ടിയുള്ളതാണെന്നും എല്ലാ മതങ്ങളിലെയും നല്ല കാര്യങ്ങളെ ബഹുമാനിക്കണമെന്നും അഭിപ്രായപ്പെട്ടു. എന്നാൽ, ഇസ്‌ലാമാണ് മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠമെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്.
ഈ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തി. കോൺഗ്രസ് സർക്കാരിന്റെ ഹിന്ദുവിരുദ്ധ മനോഭാവമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക് ആരോപിച്ചു. രായറെഡ്ഡി തന്റെ പരാമർശം പിൻവലിച്ച് സംസ്ഥാനത്തെ മുഴുവൻ ഹിന്ദുക്കളോടും മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. മന്ത്രി മാപ്പ് പറയാൻ തയാറായില്ലെങ്കിൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തയാറാകണമെന്നും ബി.ജെ.പി നേതാക്കൾ കൂട്ടിച്ചേർത്തു.
അതേസമയം വിഷയം വലിയ വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രായറെഡ്ഡി തന്നെ രംഗത്തെത്തി. താൻ മറ്റ് മതങ്ങളെ ഒരിക്കലും മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും എല്ലാ മതങ്ങളും ഒരുപോലെ ശ്രേഷ്ഠമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാശി ഉൾപ്പെടെയുള്ള പ്രശസ്തമായ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ താൻ സന്ദർശിച്ചിട്ടുണ്ടെന്നും എല്ലാ വിശ്വാസങ്ങളെയും ഒരുപോലെ ആദരിക്കുന്ന വ്യക്തിയാണ് താനെന്നും രായറെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

