മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കിയ സംഭവം; സക്കർബെർഗ് മാപ്പു പറയണമെന്ന് ബി.ജെ.പി
text_fieldsനരേന്ദ്ര മോദി, മാർക്ക് സക്കർബെർഗ്
ന്യൂഡൽഹി: ഫേസ്ബുക്കിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്തതിന് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബെർഗ് നേരിട്ട് മാപ്പുപറയണമെന്ന് ബി.ജെ.പി. കമ്യൂണിക്കേഷൻ, ഐ.ടി സംബന്ധിച്ച പാർലമെന്ററി സ്ഥിരം സമിതിയുടെ അധ്യക്ഷൻ നിഷികാന്ത് ദുബെയാണ് ഈ ആവശ്യം ഉന്നയിച്ചത്. മാപ്പ് പറഞ്ഞില്ലെങ്കിൽ വിവര സാങ്കേതിക വിദ്യ നിയമത്തിന്റെ സെക്ഷൻ 79ന് കീഴിലെ മെറ്റയുടെ സംരക്ഷണം റദ്ദാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വിദ്യാർഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മെറ്റ പ്രതിനിധികളെ സമിതിക്ക് മുമ്പാകെ വിളിച്ചു വരുത്തിയപ്പോഴാണ്, സക്കൻബെർഗ് നേരിട്ട് മാപ്പുപറയണമെന്ന് ദുബെയുടെ നേതൃത്വത്തിൽ ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടത്.
എന്നാൽ, പ്രതിപക്ഷ അംഗങ്ങൾ അതിനോട് ശക്തമായി എതിർത്തു. സാങ്കേതികവിദ്യയെയാണ് ജനാധിപത്യത്തെയല്ല നിയന്ത്രിക്കേണ്ടതെന്ന് കോൺഗ്രസ് എം.പി ഷാഫി പറമ്പിൽ പറഞ്ഞു. വിയോജിപ്പുകളെ ക്രിമിനൽവത്കരിക്കരുതെന്ന് അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയ സ്വാധീനങ്ങൾക്ക് വിധേയപ്പെടാൻ പാടില്ലെന്നാണ് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്. സ്വകാര്യതയും ഇന്ത്യൻ നിയമങ്ങളുടെ പാലനവും സംബന്ധിച്ച കാര്യങ്ങളിലാണ് അവർ ആശങ്ക ഉന്നയിച്ചത്. സർക്കാറിനെ വിമർശിക്കുന്നതിനെ ദേശവിരുദ്ധ ഉള്ളടക്കവുമായി തുലനം ചെയ്യരുതെന്ന് അവർ ഓർമിപ്പിക്കുകയും ചെയ്തു.വിദ്യാർഥി പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരെ ഒരുമിച്ചുകൂട്ടുന്നതിൽ മെറ്റയുടെ ഭാഗമായ ഇൻസ്റ്റഗ്രാം നിർണായക പങ്കുവഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

