'കെജ്‌രിവാളിനെ പരാജയപ്പെടുത്താൻ കഴിയാത്തതിനാൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നു'; ബി.ജെ.പിക്കെതിരെ എ.എ.പി
text_fieldsഡൽഹി മുഖ്യമന്ത്രി അതിഷി വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്താൻ കഴിയാത്തതിനാൽ ഇല്ലാതാക്കാനായി ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് ആം ആദ്മി പാർട്ടി (എ.എ.പി). കഴിഞ്ഞ ദിവസം കെജ്‌രിവാളിന്‍റെ കാറിന് നേരെയുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ടവരിൽ ഒരാളെ ഡൽഹിയിലെ ബി.ജെ.പി സ്ഥാനാർഥിയായ പർവേഷ് വർമക്കൊപ്പം പതിവായി കാണാറുണ്ടെന്ന് പാർട്ടി എം.പി സഞ്ജയ് സിങ്ങിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി അതിഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കുകയും അദ്ദേഹത്തിന്‍റെ കാറിന് നേരെ കല്ലെറിയുകയും ചെയ്തവർ കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ കുറ്റവാളികളാണെന്നും അവർ ആരോപിച്ചു. ആക്രമണം നടത്തിയവരിൽ ഒരാളുടെ പേര് രാഹുൽ എന്നാണ്. അയാൾ പർവേഷ് വർമയുമായി അടുത്ത ബന്ധമുള്ളയാളാണ്' -അതിഷി പറഞ്ഞു.
ബി.ജെ.പി സ്ഥാനാർഥിയായ പർവേഷ് വർമ എ.എ.പി പ്രവർത്തകരെ പ്രചാരണത്തിൽ നിന്ന് തടയാൻ കെജ്രിവാളിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഡൽഹിയിലെ ജനങ്ങൾ തക്ക മറുപടി നൽകുമെന്നുമാണ് എ.എ.പി അവകാശപ്പെട്ടത്. കെജ്‌രിവാളിനെതിരെ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിയായ പർവേഷ് വർമയുടെ ഗുണ്ടകൾ വാഹനം തടയാൻ ശ്രമിച്ചെന്നും വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിനുനേരെ കല്ലെറിഞ്ഞു എന്നുമാണ് എ.എ.പി ആരോപിക്കുന്നത്.
എന്നാൽ, കല്ലേറുണ്ടായെന്ന എ.എ.പിയുടെ ആരോപണത്തോട് പ്രതികരിച്ച് പർവേഷ് വർമ രംഗത്തെത്തി. അരവിന്ദ് കെജ്‌രിവാളിനെതിരെ പ്രതിഷേധിച്ച മൂന്ന് യുവാക്കളെ വാഹനം ഇടിച്ചതായി അദ്ദേഹം ആരോപിച്ചു. യുവാക്കളെ ഇടിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടത് കെജ്രിവാളാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

