കർണാടകയിൽ ബി.ജെ.പി-കോൺഗ്രസ് സംഘർഷം: കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റു മരിച്ചു
text_fieldsബെല്ലാരി: കർണാടകയിലെ ബെല്ലാരിയിൽ നടന്ന രാഷ്ട്രീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ടത് കോൺഗ്രസ് പ്രവർത്തകനാണെന്ന് സ്ഥിരീകരിച്ചു. രാജശേഖർ എന്ന പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് വെടിയേറ്റത് പൊലീസിന്റെ തോക്കിൽ നിന്നല്ലെന്നും, ഒരു സ്വകാര്യ റിവോൾവറിൽ നിന്നുള്ള ഉണ്ട തറച്ചാണെന്നും എസ്.പി രഞ്ജിത് കുമാർ ബന്ദാരു വ്യക്തമാക്കി. സംഭവത്തിൽ ബി.ജെ.പി എം.എൽ.എ ജനാർദന റെഡ്ഡിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
ആദ്യഘട്ടത്തിൽ കൊല്ലപ്പെട്ടത് ബി.ജെ.പി പ്രവർത്തകനാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, രാജശേഖർ കോൺഗ്രസ് പ്രവർത്തകനാണെന്ന് പാർട്ടി നേതൃത്വവും കുടുംബവും വ്യക്തമാക്കി. രാജശേഖറിന്റെ പിതാവ് ബി.ജെ.പി അനുഭാവിയാണെങ്കിലും, മകൻ ഭരത് റെഡ്ഡി എം.എൽ.എയുടെ വിശ്വസ്തനായിരുന്നു.
ജനാർദന റെഡ്ഡിയുടെ നിർദ്ദേശപ്രകാരമാണ് വെടിവെപ്പ് നടന്നതെന്നും അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് എം.എൽ.എ ഭരത് റെഡ്ഡി ആവശ്യപ്പെട്ടു. സംഘർഷം നടന്ന സ്ഥലത്ത് നിന്ന് മുളകുപൊടിയും കല്ലുകളുടെ വൻ ശേഖരവും പൊലീസ് കണ്ടെത്തി. ഇത് സംഘർഷം ആസൂത്രിതമാണെന്ന സൂചനയാണ് നൽകുന്നത്. പന്ത്രണ്ടിലധികം റൗണ്ട് വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. കല്ലേറിനിടെ അപ്രതീക്ഷിതമായാണ് വെടിവെപ്പുണ്ടായത്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും എസ്.പി പറഞ്ഞു.
ജനുവരി മൂന്നിന് നടക്കാനിരിക്കുന്ന വാൽമീകി പ്രതിമയുടെ അനാച്ഛാദനവുമായി ബന്ധപ്പെട്ട് ജനാർദന റെഡ്ഡിയുടെ വീടിന് മുന്നിൽ ബാനർ സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഹവംഭാവി പ്രദേശത്തെ ഭരത് റെഡ്ഡിയുടെ അനുയായികൾ ബാനറുകൾ സ്ഥാപിക്കാൻ ശ്രമിച്ചത് ജനാർദന റെഡ്ഡിയെ അനുകൂലിക്കുന്നവർ എതിർത്തിരുന്നു. തുടർന്നാണ് സംഘർഷമുണ്ടായത്. നിലവിൽ ജനാർദന റെഡ്ഡിയുടെ വീടിന് ചുറ്റുമുള്ള പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അയൽ ജില്ലകളിൽ നിന്നുള്ള കൂടുതൽ പൊലീസ് സേനയെ ബെല്ലാരിയിൽ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

