പുസ്തക പോരിൽ കോൺഗ്രസും ബി.ജെ.പിയും
text_fieldsബംഗളൂരു ടൗൺഹാളിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന കർണാടകയിൽ ഭരണപക്ഷ പാർട്ടിയായ ബി.ജെ.പിയും പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും തമ്മിൽ പ്രചാരണ യുദ്ധം മുറുകുന്നു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ അവഹേളിക്കുന്ന പുസ്തകവുമായി ബി.ജെ.പി പ്രചാരണമാരംഭിച്ചതോടെ അതേ നാണയത്തിൽ തിരിച്ചടിച്ച് കോൺഗ്രസും രംഗത്തെത്തി.
ബി.ജെ.പി ഭരണകാലത്ത് നരേന്ദ്ര മോദിക്കും അമിത് ഷാക്കും കീഴിൽ നടന്ന ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന പുസ്തകവുമായാണ് പ്രതിപക്ഷത്തിന്റെ മറുപടി.
മുൻ മുഖ്യമന്ത്രികൂടിയായ സിദ്ധരാമയ്യക്കെതിരായ ‘സിദ്ധു നിജ അനസുഗളു (സിദ്ധരാമയ്യയുടെ യഥാർഥ സ്വപ്നങ്ങൾ) എന്ന പുസ്തകത്തിന്റെ പ്രകാശനം തിങ്കളാഴ്ച ബംഗളൂരുവിലെ ടൗൺഹാളിൽ നിശ്ചയിച്ചിരുന്നു. പുസ്തകത്തിന്റെ കവർ പേജിൽ ടിപ്പു സുൽത്താനെപോലെ വേഷം ധരിച്ച സിദ്ധരാമയ്യ വാളുമായി നിൽക്കുന്നതായിരുന്നു ചിത്രം. ടിപ്പു സുൽത്താന്റെ ജീവിതത്തെ വക്രീകരിച്ച് അദ്ദണ്ഡ കരിയപ്പ രചിച്ച ‘ടിപ്പു നിജ കനസുഗളു’ എന്ന വിവാദ പുസ്തകത്തിന്റെ പാരഡിയായാണ് ‘സിദ്ധു നിജ കനസുഗളു’ എന്ന പുസ്തകം പുറത്തിറക്കുന്നത്. സിദ്ധരാമയ്യയെ ടിപ്പുസുൽത്താനുമായി താരതമ്യം ചെയ്യുന്നതിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വർഗീയ അജണ്ടയാണ് സംഘാടകർ ലക്ഷ്യമിട്ടിരുന്നത്.
വി.കെ.പി എന്നാണ് രചയിതാവിന്റെ പേരായി ചേർത്തിരുന്നത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി സി.എൻ. അശ്വത് നാരായൺ പുസ്തക പ്രകാശനം നിർവഹിക്കാമെന്ന് ഏറ്റിരുന്നു.
ചടങ്ങിനെ ചൊല്ലി ടൗൺഹാളിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും വാക്പോരും ബഹളവും തുടരുന്നതിനിടെ ബംഗളൂരു സെഷൻസ് കോടതി പുസ്തക പ്രകാശനത്തിന് അനുമതി തടഞ്ഞ് ഉത്തരവിടുകയായിരുന്നു. സിദ്ധരാമയ്യയുടെ മകനും മൈസൂരു വരുണ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയുമായ യതീന്ദ്രയാണ് കോടതിയെ സമീപിച്ചത്.
പുസ്തകത്തിൽ അവഹേളന പരാമർശങ്ങളും വക്രീകരിച്ച ചിത്രങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് തന്റെ പിതാവിന്റെ അഭിമാനത്തെ വെല്ലുവിളിക്കുന്നതും സമൂഹത്തിൽ തരംതാഴ്ത്തുന്നതുമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ടൗൺഹാളിനു മുന്നിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് ചില കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോടതി ഉത്തരവിനെ മാനിക്കുന്നതായും പുസ്തക പ്രകാശന ചടങ്ങ് റദ്ദാക്കുന്നതായും നിയമനിർമാണ കൗൺസിൽ അംഗവും ബി.ജെ.പി എസ്.സി മോർച്ച ചെയർപേഴ്സനുമായ സി. നാരായണസ്വാമി അറിയിച്ചു. പുസ്തകത്തിന്റെ ഉള്ളടക്കം എന്താണെന്ന് തനിക്കറിയില്ലെന്നും താൻ ചടങ്ങിന് മാത്രമായി വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിനാണ് പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് സിദ്ധരാമയ്യ വേവലാതിപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്നെ താറടിച്ച് കാണിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് പുസ്തകപ്രകാശന ചടങ്ങിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു. പുസ്തകം പൂർണമായും തന്നെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. പുസ്തകത്തിനെതിരെ നിയമനടപടി ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ടിപ്പുവിന്റേതുപോലെ തലപ്പാവ് ധരിച്ചും വാളുയർത്തിയും ബി.ജെ.പി മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ഇപ്പോഴത്തെ കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെയും മുമ്പ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട കാര്യവും സിദ്ധരാമയ്യ ബി.ജെ.പിയെ ഓർമിപ്പിച്ചു. സിദ്ധരാമയ്യക്കെതിരായ പുസ്തക വിവാദത്തിന് പിന്നാലെ ബി.ജെപി ഭരണകാലത്തെ കൂട്ടക്കൊലയുടെ ചരിത്രം ഓർമിപ്പിക്കുന്ന പുസ്തകം പുറത്തിറക്കുമെന്ന സൂചനയുമായി കോൺഗ്രസും രംഗത്തുവന്നു. ‘ബി.ജെ.പി കള്ള മാർഗ’ എന്നുപേരിട്ട പുസ്തകത്തിന്റെ പുറംചട്ട കോൺഗ്രസ് ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടു.
സമൂഹത്തിന്റെ താഴേക്കിടയിലുള്ള ജനങ്ങളെ ഹിന്ദുത്വയുടെ പേരിൽ ബി.ജെ.പി ചൂഷണം ചെയ്യുകയാണെന്നും ദലിതുകളെ കറിവേപ്പില പോലെ ഉപയോഗിച്ച് വലിച്ചെറിയുകയാണെന്നും പുറംചട്ടയിൽ പരാമർശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

