ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങൾക്ക് പുതിയ അധ്യക്ഷൻമാരെ നിയമിച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങൾക്ക് പുതിയ അധ്യക്ഷൻമാരെ പ്രഖ്യാപിച്ച് ബി.ജെ.പി. എം.പിയും കേന്ദ്ര മന്ത്രിയുമായ ജി. കൃഷ്ണൻ റെഡ്ഡിക്ക് നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ തെലങ്കാനയുടെ ചുമതല നൽകി. ബന്ദി സഞ്ജയ് കുമാറിന് പകരമാണ് പുതിയ ചുമതല.
തെലങ്കാനയുടെ ആദ്യ ധനമന്ത്രിയായി നിയമിക്കപ്പെട്ട ബി.ജെ.പി എം.എൽ.എ ഇതീല രാജേന്ദറിനെ തെലങ്കാന തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനായും നിയമിച്ചു. 2021ലാണ് രാജേന്ദർ ബി.ജെ.പിയിൽ ചേർന്നത്. അതുവരെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നയിക്കുന്ന ഭാരത് രാഷ്ട്ര സമിതിയുടെ ഭാഗമായിരുന്നു.
തെലുഗു ദേശം പാർട്ടി സ്ഥാപകനും ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ.ടി. രാമറാവുവിന്റെ മകൾ ദഗ്ഗുബട്ടി പുരന്ദേശ്വരിയെ ബി.ജെ.പിയുടെ ആന്ധ്രപ്രദേശ് പ്രസിഡന്റായും നിയമിച്ചു. കോൺഗ്രസിൽ നിന്ന് അടുത്തിടെ ബി.ജെ.പിയിലെത്തിയ മുൻ എം.പി സുനൽ കുമാർ ജാഖറെയെ പഞ്ചാബിലെ പാർട്ടി അധ്യക്ഷനായും ചുമതലയേൽപിച്ചു.
ഝാർഖണ്ഡിന്റെ ആദ്യ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ ബാബുലാൽ മറന്ദിയെ സംസ്ഥാനത്തെ ബി.ജെ.പിയുടെ അധ്യക്ഷനായും നിയമിച്ചു. തെലങ്കാന രൂപീകൃതമാകുന്നതിന് മുമ്പുള്ള യുനൈറ്റഡ് ആന്ധ്രപ്രദേശിലെ അവസാന മുഖ്യമന്ത്രിയായ കിരൺ കുമാർ റെഡ്ഡിയെ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗമായും നിയമിച്ചു. ജൂലൈ ഏഴിന് ബി.ജെ.പി പ്രസിഡന്റ് ജെ.പി. നദ്ദ എല്ലാ സംസ്ഥാനങ്ങളിലെയും അധ്യക്ഷൻമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

