ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും ഒരു പങ്കുമില്ലെന്ന് ഡി. രാജ
text_fields
ഹൈദരാബാദ്: രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും ഒരു പങ്കുമില്ലെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ. സ്വാതന്ത്ര്യ സമരത്തിലും ഹൈദരാബാദിലെ നൈസാമിന്റെ ഭരണത്തിനെതിരെയും കമ്മ്യൂണിസ്റ്റുകൾ ധീരമായ പങ്കുവഹിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.ഐ സംഘടിപ്പിച്ച തെലങ്കാന സായുധ സമരത്തിന്റെ വാരാഘോഷത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകൾ വഹിച്ച പങ്ക് തിരിച്ചറിയാതെ ആർക്കും ആധുനിക ഇന്ത്യയുടെയും തെലങ്കാനയുടെയും ചരിത്രം എഴുതാനാകില്ല.
1948 സെപ്തംബർ 17ന് നൈസാം ഭരണത്തിൻ കീഴിലുള്ള ഹൈദരാബാദ് നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച ദിവസം ബി.ജെ.പി ഹൈദരാബാദ് വിമോചന ദിനമായി ആചരിച്ചതിനെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റുകൾ പ്രധാന പങ്കുവഹിച്ചപ്പോൾ മാത്രമാണ് സ്വാതന്ത്ര്യ സമരം ഒരു ബഹുജന പ്രസ്ഥാനമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ ഭൂപ്രഭുക്കൾക്കും നിസാം ഭരണത്തിന്റെ സായുധ പിന്തുണക്കാർക്കും എതിരെ കമ്മ്യൂണിസ്റ്റുകൾ സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്തിരുന്നതായും രാജ പറഞ്ഞു. ആർ.എസ്.എസും ജനസംഘവും എവിടെയായിരുന്നു എന്നു പറയാൻ അമിത്ഷായെയും ബി.ജെ.പിയെയും വെല്ലുവിളിക്കുകയാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള പോരാട്ടമെന്ന മട്ടിൽ ചരിത്രത്തെ വളച്ചൊടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ദുർഭരണത്തിനെതിരെ ആഞ്ഞടിച്ച രാജ, ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും പറഞ്ഞു.
.
.